രണ്ടര വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: റവന്യൂ മന്ത്രി

ജില്ലാതല മേളയില്‍ 1448 പട്ടയങ്ങള്‍ വിതരണം ചെയ്തുകെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും

പുതിയ സര്‍ക്കാര്‍ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ പട്ടയങ്ങള്‍

ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയും ജന്‍മിത്തം ഇല്ലാതാക്കിയും സംസ്ഥാനം നിയമനിര്‍മാണം നടത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയത്തിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും അവയില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രണ്ടു ലക്ഷത്തിലേറെ പട്ടയ അപേക്ഷകളാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ 80000 പേര്‍ക്ക് ഇതിനകം പട്ടയം നല്‍കിക്കഴിഞ്ഞു.   ജനുവരി 15 വരെ നടക്കുന്ന പട്ടയമേളകളോടെ 105000 പേര്‍ക്ക് പട്ടയ വിതരണം പൂര്‍ത്തിയാവും. വരുന്ന രണ്ടര വര്‍ഷത്തിനകം ബാക്കിയുള്ളവര്‍ക്കു കൂടി പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 2845 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 16000ത്തില്‍ പരം ലാന്റ് ട്രിബ്യൂണല്‍ പട്ടയ അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും എത്രയും വേഗം അവയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ലാന്റ് ട്രൈബ്യൂണലുകളുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധിക ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു.

  കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയ മേളയില്‍ വിവിധ വിഭാഗങ്ങളിലായി 1448 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ പ്രളയം മൂലം ഭൂമിയും വീടും നഷ്ടപ്പെട്ട മൂന്ന് പേര്‍ക്ക് ആറളം പുനരധിവാസ മേഖലയില്‍ തന്നെ ഒരേക്കര്‍ ഭൂമി വീതം അനുവദിച്ച് കൈവശ രേഖയും നല്‍കി. വിവിധ വില്ലേജുകളിലെ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അനുവദിച്ച 59 മിച്ചഭൂമി പട്ടയങ്ങള്‍, വിവിധ ലാന്റ്് ട്രിബ്യൂണലുകളില്‍ നിന്ന് അനുവദിച്ച 1245 പട്ടയങ്ങള്‍, ഭൂരഹിതര്‍ക്ക് നല്‍കിവരുന്ന 61 സീറോലാന്റ്‌ലെസ്സ് പട്ടയങ്ങള്‍, 65 ലക്ഷംവീട് പട്ടയങ്ങള്‍, വടക്കേക്കളം ഭൂമിക്കുള്ള 15 പട്ടയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് 1488 പട്ടയങ്ങള്‍ മേളയില്‍ വിതരണം ചെയ്തത്. വടക്കേക്കളം ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിനുളള 70 ഉത്തരവുകളും ചടങ്ങില്‍ വിതരണം ചെയ്തു. 

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, സി കൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സ്വാഗതവും എഡിഎം ഇ മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി എം ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: