കണ്ണവം പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം തുടങ്ങി

ചിറ്റാരിപ്പറമ്പ്: ഇരുപതുവർഷമായി കണ്ണവം ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങി.

കണ്ണവം വില്ലേജ് ഓഫീസിന് സമീപം വനംവകുപ്പ് വിട്ടുകൊടുത്ത 27 സെൻറ് സ്ഥലത്താണ് കണ്ണവം പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നത്.

കെട്ടിടത്തിന്റെ ശിലാസ്ഥാപനം 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. ജെ.സി.ബി. ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്ന പ്രവർത്തിയാണ് നടന്നുവരുന്നത്.

2.49 കോടി ചെലവിട്ട് ഓഫീസ്, സെൽ, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ഇരുനില കെട്ടിടമാണ് ഒരു വർഷം കൊണ്ട് നിർമിക്കുക. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല.

നിലവിൽ കണ്ണവം ടൗണിൽ ചോർന്നൊലിക്കുന്ന തകർന്നുവീഴാറായ കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം.

തിരിയാൻ സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് വനിതകൾ ഉൾപ്പെടെ 42 പോലീസുകാർ കഴിഞ്ഞ 20 വർഷമായി ജോലിചെയ്യുന്നത്.

സ്റ്റേഷനിൽ സ്ഥലം ഇല്ലാത്തതിനാൽ പോലീസുകാർ സമീപത്തെ ഇടുങ്ങിയ കടമുറിയിലാണ് വിശ്രമിക്കാറ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: