പരിയാരം ഗവ.ആയുർവേദ കോളേജ് ലേഡീസ് ഹോസ്റ്റൽ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തുപരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ നിർമിച്ച പുതിയ ലേഡീസ് ഹോസ്റ്റൽ ആരോഗ്യ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സർക്കാർ പദ്ധതി വിഹിതത്തിൽ നിന്ന് 6.62 കോടി ചെലവിൽ നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള  ലേഡീസ് ഹോസ്റ്റലിന്റെ താഴത്തെ നിലയുടെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിർമ്മാണോദ്ഘാടനവുമാണ് നടത്തിയത്. എം വിജിൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.നിർമ്മാണം പൂർത്തിയായ ഒന്നാം നിലയ്ക്ക് 741.98 ച.മീറ്റർ വിസ്തൃതിയുണ്ട്. ലോബി, ഡൈനിംഗ് ഹാൾ, വിദ്യാർഥിനികൾക്കുള്ള 15 മുറികൾ, ഗസ്റ്റ് റൂം, വാർഡൻ റൂം കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി ടോയ്‌ലറ്റുകൾ എന്നീ സൗകര്യങ്ങളാണുളളത്. പുതുതായി നിർമ്മിക്കേണ്ട രണ്ടാംനിലയിൽ വിദ്യാർഥിനികൾക്കുള്ള 19 മുറികൾ, സ്റ്റഡി റൂം, കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വിവിധ കോഴ്‌സുകളിൽ പഠനം നടത്തുന്ന 450ൽ 360 പേരും പെൺകുട്ടികളാണ്. നിലവിലെ ലേഡീസ് ഹോസ്റ്റലിൽ 200 ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. പുതിയ ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ 16 മുറികൾ അൻപതിലധികം വിദ്യാർഥിനികളുടെ താമസത്തിന് സൗകര്യപ്പെടും. മൂന്നു നിലയുള്ള പുതിയ ഹോസ്റ്റലിന്റെ പ്രവൃത്തി പൂർത്തിയായാൽ മുഴുവൻ ബി എ എം എസ് വിദ്യാർഥിനികൾക്കും താമസിക്കാൻ സാധിക്കും. എം വിജിൻ എം എൽ എ അധ്യക്ഷനായി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മുൻ എംഎൽഎ ടി വി രാജേഷ്, വാർഡ് മെമ്പർ വി എ കോമളവല്ലി, കോളേജ് പ്രിൻസിപ്പൽ ഡോ സി സിന്ധു, ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ സി അജിത് കുമാർ, ലേഡീസ് ഹോസ്റ്റൽ ഡെപ്യൂട്ടി വാർഡൻ ഡോ.കെ അജിത, എച്ച്ഡിഎസ് അംഗങ്ങളായ കെ പത്മനാഭൻ, കെ പി ജനാർദനൻ, പി പി ദാമോദരൻ, കെ വി ബാബു, ടി കെ ശങ്കരൻ കൈതപ്രം, ടി രാജൻ, പി ടി എ പ്രസിഡണ്ട് കെ പി രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: