കണ്ണൂര്‍ ടൗണിൽ വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ (26-11-2021) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കണ്ണൂർ താഴെ ചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൌണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, എം പി, എം എല്‍ എ, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ആര്‍ ടി ഒ , എന്‍ഫോഴ്സ്മെന്‍റ് ആര്‍ ടി ഒ , നാര്‍കോടിക് എ സി പി കണ്ണൂര്‍ സിറ്റി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റോഡ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നാഷണല്‍ ഹൈവേ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ണൂര്‍ ടൌണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നാളെ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ടൌണിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സമയമായ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മൾട്ടി ആക്സിൽ ലോറികൾ, ടിപ്പറുകൾ, ഗ്യാസ് ടാങ്കറുകൾ, ചരക്ക് ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി കണ്ണപുരം, വളപട്ടണം, പിണറായി, എടക്കാട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്ക് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ നിര്‍ദ്ദേശങ്ങള്‍ നല്കി. പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താവത്തിൽ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും. വളപട്ടണത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വീതിയുള്ള റോഡായതിനാല്‍ അത്തരം വാഹനങ്ങൾ അവിടെ പാര്‍ക്ക് ചെയ്യുകയും കൂത്തുപറമ്പ മമ്പറം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് മമ്പറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിണറായി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ വിനും, തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എടക്കാട് എസ് എച്ച് ഓ വിനും സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശങ്ങള്‍ നല്കി.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും, അനുവദനീയമായ വാഹന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതെ തിരക്കേറിയ വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: