ക്വട്ടേഷൻ ആക്രമണം: തട്ടിയെടുത്ത കാർ ചെങ്കൽ ക്വാറിയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുർഗാ സ്‌കൂൾ റോഡിലെ ദേവദാസിനെയും ഭാര്യയെയും വീട്ടിൽക്കയറി ‌ആക്രമിച്ചശേഷം ക്വട്ടേഷൻ സംഘം തട്ടിയെടുത്ത കാർ കണ്ടെത്തി. കരിന്തളം കൊല്ലംപാറ ഉമ്മിച്ചിപ്പൊയിലിലെ ചെങ്കൽ ക്വാറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഹനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്ന് വിരലടയാളവിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ ഏഴുപേരുടെ വിരലടയാളങ്ങൾ പതിഞ്ഞതായി കണ്ടെത്തി.
കാറിന്റെ ഡോർ തുറന്നിട്ടിരുന്നു. പഞ്ചറായ ടയർ മാറ്റി സ്റ്റെപ്പിനി ടയർ ഘടിപ്പിച്ച നിലയിലും ബാറ്ററിയുടെ വയറുകൾ ഊരിവെച്ച നിലയിലുമായിരുന്നു. പരിശോധനയ്ക്കുശേഷം കാർ ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

നവംബർ 12-നാണ് അഞ്ചംഗ ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നാം മൈലിലെ രാജേന്ദ്രപ്രസാദ്, ബാലൂരിലെ സുരേഷ് എന്നിവർ റിമാൻഡിലാണ്. മറ്റു പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ എന്നിവർക്കായി ഹൊസ്ദുർഗ് പോലീസ് കർണാടകയിൽ അന്വേഷണം നടത്തുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: