പ്രചാരണം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം അനുവദിക്കില്ല;കലക്ടര്‍

കണ്ണൂർ :തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നത് കര്‍ശനമായി തടയാന്‍ നടപടി സ്വീകരിക്കാന്‍ വരണാധികാരികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. നഗരസഭാ റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ ദേവപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
ജില്ലയില്‍ നഗര മേഖലകളില്‍ പ്രചാരണ പരിപാടികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടാകുന്നതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പരാതി ഉയര്‍ന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വരണാധികാരികള്‍ കര്‍ശന നിരീക്ഷണം ഉറപ്പുവരുത്തണം. പൊലീസിനെയും സ്‌ക്വാഡുകളെയും ഇത്തരം പരാതികള്‍ അറിയിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. പൊതുപെരുമാറ്റ ചട്ടലംഘനം ഇല്ലാതിരിക്കാനും  ജാഗ്രത കാണിക്കണം. ജില്ലയിലെ പ്രശ്‌ന സാധ്യത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ്, വീഡിയോ ചിത്രീകരണം, അധിക പൊലീസ് സുരക്ഷ എന്നീ ക്രമീകരണങ്ങളാണ് ആലോചിക്കുന്നത്. െതരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന എണ്ണം ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും മറ്റിടങ്ങളില്‍ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തും.
സമാധാനപരവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാനാവശ്യമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കുന്നത്. കൊവിഡ് പോസിറ്റീവ് ആകുന്നതോ ക്വാറന്റൈനില്‍ കഴിയുന്നതോ ആയ വോട്ടര്‍മാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേക പോസ്റ്റല്‍ ബാലറ്റിന് സൗകര്യം നല്‍കുന്നുണ്ട്. ഇതിനാവശ്യമായ ക്രമീകരണങ്ങളും കുറ്റമറ്റ രീതിയില്‍ വരണാധികാരികള്‍ ആസൂത്രണം ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: