പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും

ആറ് മാസത്തിന് ശേഷം പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി തിങ്കളാഴ്ച മുതൽ വീണ്ടും ഓടിത്തുടങ്ങും.

യന്ത്രത്തകരാറുമൂലം നിശ്ചലമായ വാട്ടർ ടാക്സി ജലഗതാഗത വകുപ്പ് ഉന്നതർ ഇടപെട്ട് എറണാകുളത്തുനിന്ന്‌ വിദഗ്ധരെത്തിയാണ് തകരാർ പരിഹരിച്ചത്.

വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ജലഗതാഗത വകുപ്പ് സംസ്ഥാനത്തിറക്കിയ രണ്ടാമത്തെ വാട്ടർ ടാക്സിയാണിത്. 2021 ജനുവരിയിലാണ്‌ സർവീസ് തുടങ്ങിയത്.

എന്നാൽ ഏപ്രിൽ ആദ്യത്തെ ആഴ്ച തന്നെ യന്ത്രത്തകരാർമൂലം ഓട്ടം നിലച്ചു. ഈ മൂന്ന് മാസംകൊണ്ട് തന്നെ നല്ല വരുമാനം നേടാൻ വാട്ടർ ടാക്സി വഴി ജലഗതാഗത വകുപ്പിന് സാധിച്ചിരുന്നു.

ഈ മാസങ്ങളിൽ പറശ്ശിനിക്കടവിൽ എത്തിയ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് വാട്ടർ ടാക്സിയെ ആയിരുന്നു. ജലഗതാഗത മേഖലയിൽ ടാക്സി സംവിധാനത്തിന് വലിയ സ്വീകാര്യതയാണ്സ ഞ്ചാരികളിൽ നിന്നുണ്ടായത്.

ഇന്ത്യയിൽ തന്നെ രണ്ടാമത്തെ വാട്ടർ ടാക്സിയായിരുന്നു പറശ്ശിനിക്കടവിലേത്. ആധുനിക സുരക്ഷാ സംവിധാനമുള്ള കാറ്റാമറൈൻ ബോട്ടാണിത്. ഫൈബറിൽ നിർമിച്ച ബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാം.

മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഓടും. 1500 രൂപയ്ക്ക് ഒരു മണിക്കൂർ യാത്രയിൽ വളപട്ടണം പുഴയുടെ തുരുത്തുകളുടെയും തീരങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിക്കാനാകും. അരമണിക്കൂർ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു.

15 മിനിറ്റ്‌ സമയത്തേക്ക് ഒരാളിൽനിന്ന്‌ 40 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ സർവീസ് പുനരാരംഭിക്കും.

സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്കിങ്ങിനും സൗകര്യമുണ്ട്. ബന്ധപ്പെടേണ്ട ഫോൺ: 9947819012

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: