പാലക്കയംതട്ടിൽ ഇനി മിന്നും ദീപപ്രഭയാൽ കൺകുളിർക്കാം

നടുവിൽ: പ്രകാശം ചൊരിയുന്ന മഴവിൽ കാഴ്‌ചകൾക്ക് ഇടയിലൂടെ 60000 മിന്നാമിനുങ്ങുകൾ അനേകം വർണങ്ങൾ തീർത്ത് ആകാശത്ത്‌ വെട്ടി തിളങ്ങുന്നതു പോലെ പാലക്കയംതട്ടിലെ വിളക്കുകൾ ഇനി തിളങ്ങും.

ചുരുങ്ങിയ കാലത്തിനുള്ളിൽ വിനോദ സഞ്ചാരികളുടെ മനം കവർന്ന പാലക്കയംതട്ട്‌ ഇതാ സഞ്ചാരികൾക്ക്‌ അത്തരമൊരു വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. ഫീൽഡ് ഓഫ് ലൈറ്റ് എന്ന മലയാളികൾക്ക്‌ കേട്ടും കണ്ടും പരിചയമില്ലാത്ത ഈ ദൃശ്യ മനോഹാരിത ഇവിടെ ആദ്യമായാണെന്ന് സംഘാടകർ പറയുന്നു.

മല മടക്കുകളുടെ മനോഹാരിതയ്‌ക്ക്‌ അനുസരിച്ച് പ്രകൃതിക്ക്‌ കോട്ടം തട്ടാതെ അമേരിക്കൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി നിർമാണത്തിന്‌ 1.5 കോടി ചെലവ്‌ കണക്കാക്കുന്നു.

10 ഏക്കർ സ്ഥലത്ത് 60000 ചെറു വിളക്കുകൾ മല മടക്കുകളെ വെളിച്ചത്തിന്റെ പറുദീസയാക്കും. ടൂറിസം വകുപ്പിനു കീഴിലുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തിപ്പിക്കുന്ന കെ.എൻ നിസാർ നിർമാണ പ്രവർത്തനങ്ങൾക്ക്‌ നേരിട്ട്‌ മേൽനോട്ടം വഹിക്കുന്നു.

സൗരോർജം ഉപയോഗിച്ച് ഒപ്റ്റിക്കൽ ഗ്ലാസ് ഫൈബർ വഴി പ്രവർത്തിപ്പിക്കും. നിർമാണത്തിന്‌ സിമന്റ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഒരു തരി പോലും ഉപയോഗിച്ചില്ല എന്ന പ്രത്യേകതയും ഉണ്ട്‌. അടുത്ത മാസം ആദ്യവാരം മുതൽ പകൽ വെളിച്ചം മങ്ങിയാൽ ഈ മല മടക്കുകൾ ദീപപ്രഭയിൽ തെളിയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: