പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

9 / 100

പാപ്പിനിശ്ശേരി: ‘തളിപ്പറമ്പ് റോഡ്’ എന്ന പേരിൽ ഒരു നൂറ്റാണ്ടു മുന്നേ പ്രവർത്തനമാരംഭിച്ച പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനു പകരം തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനു കത്തയച്ചു. വ്യാവസായിക-ആരോഗ്യ-വിദ്യാഭ്യാസ-വാണിജ്യ മേഖലകളുമായി പാപ്പിനിശ്ശേരിയിലെ സാധാരണ ജനങ്ങൾക്കു പുറംലോകവുമായി പരമ്പരാഗത ബന്ധമുള്ള ഒരു സ്റ്റേഷനാണ് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ. പ്രധാനമായും ചകിരി ഉത്പന്നങ്ങൾ പതിറ്റാണ്ടുകളോളം കയറ്റിയയച്ച സ്റ്റേഷൻ എന്ന പേരും പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനുണ്ട്.

പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തുകയും, പാപ്പിനിശ്ശേരിയിലെ ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും റെയിൽവേ സ്റ്റേഷൻ നിലവിലുള്ള സംവിധാനത്തിൽ തന്നെ തുടരണമെന്നും പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ കമ്മീഷൻ വ്യവസ്ഥയിൽ സ്വകാര്യ ഏജന്റുമാർ മുഖേന മാത്രമായിരിക്കും ടിക്കറ്റ്‌ വിൽപ്പന. റെയിൽവേ ജീവനക്കാരുടെ സേവനം ഇതോടെ സ്റ്റേഷനിൽ നിന്ന് പൂർണ്ണമായും ഇല്ലാതാകും. ഒപ്പം, കമ്മീഷൻ വ്യവസ്ഥയിൽ നിലവിൽ പ്രവർത്തിക്കുന്ന നിരവധി സ്റ്റേഷനുകളോടൊപ്പം പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനും ഘട്ടം ഘട്ടമായി ഒരു ഹാൾട്ട് സ്റ്റേഷൻ മാത്രമായി കൂപ്പുകുത്തും. ഇതിനെതിരെ പല കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: