നെഹ്റുപ്രതിമയ്ക്കു നേരെ അക്രമം: ഒരാൾ അറസ്റ്റിൽ

ആലക്കോട്∙ ലിങ്ക് റോഡിലെ ഇന്ദിരാഭവനു മുന്നിൽ സ്ഥാപിച്ച  നെഹ്റുപ്രതിമയ്ക്കു നേരെ അക്രമം. രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാനയാത്രയുടെ പ്രചാരണത്തിനായി ടൗണിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അക്രമം. നെഹ്റുപ്രതിമയുടെ മൂക്കും ചെവിയും തകർന്ന നിലയിലാണ്. സംഭവത്തോടനുബന്ധിച്ച് ആശാൻകവല ചെമ്പുവച്ചമൊട്ടയിലെ കാക്കല്ലിൽ റോയി(40)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് കണ്ട റോ‍യിയുടെ ഫോട്ടോ ഗൂർഖയും ശബ്ദംകേട്ട് അവിടെ എത്തിയ ഓട്ടോഡ്രൈവറും ചേർന്ന് എടുത്തിരുന്നു.
പിന്നീട് ഇയാൾ  ഇവരെ വെട്ടിച്ച് മുങ്ങിയെങ്കിലും ഇന്നലെ ഉച്ചയോടെ സ്വദേശത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആലക്കോട് മേഖലയിൽ കോൺഗ്രസ് പ്രചാരണ ബോർഡുകൾക്കും പതാകകൾക്കും നേരെ വ്യാപകമായ അക്രമം നടക്കുകയാണ്. നെഹ്റു പ്രതിമയ്ക്കു നേരെ നടന്ന അക്രമത്തിൽ കെ.സി.ജോസഫ് എംഎൽഎ പ്രതിഷേധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: