മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനിയമങ്ങൾ പിന്‍വലിക്കുക: കണ്ണൂരിൽ SDPI പ്രതിഷേധ മാര്‍ച്ച് നടത്തി

2 / 100

 

കണ്ണൂർ: രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ദേശീയ കര്‍ഷക ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ചേംബർ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച്‌ എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശേരി ഉദ്ഘാടനം ചെയ്‌തു. പുതിയ നിയമനിര്‍മാണം കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് വല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചത് പോലെ പുതിയ നിയമനിര്‍മാണത്തോടെ കാര്‍ഷിക മേഖലയും തകരാനിടയാകും. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരുടെ മേല്‍ ചൂഷണത്തിന് അവസരമൊരുക്കുന്നതാണ് ഈ ബില്ല്. ഇത് കർഷകന് എതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. സ്വന്തം ഘടകകക്ഷികളെ പോലും നിയമ നിര്‍മാണത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്ത് ശബ്ദവോട്ടോടെ ബില്‍ പാസ്സാക്കിയതിലൂടെ നിയമനിര്‍മാണ സഭകളെ പോലും കൈയ്യൂക്ക് കൊണ്ട് നിഷ്‌ക്രിയമാക്കി ജനാധിപത്യത്തെ കൊല്ലുകയാണ്.
സംഘപരിവാരം രാജ്യത്തെ കൊടിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന മോദി ഭരണത്തിനെതിരേ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഭിന്നതകള്‍ മറന്ന് ഒരുമിക്കേണ്ട അടിയന്തര സാഹചര്യമാണുള്ളതെന്നും നൗഷാദ് മംഗലശേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കര്‍ഷക വിരുദ്ധ നിയമനിര്‍മാണത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ, ജില്ലാ സെക്രട്ടറി ഷംസീർ പി ടി വി, എ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: