2 മണിക്കൂർ തിരച്ചിൽ; പക്ഷേ പൊട്ടിയത് നുണബോംബെന്ന് അധികൃതർ

ചെറുപുഴ∙ കോറാളിമലയിലെ ക്വാറിക്കു സമീപം കഴിഞ്ഞ മാസമുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായെന്ന പ്രചാരണത്തെ തുടർന്നു പൊലീസും റവന്യൂ വകുപ്പും പ്രദേശത്തു പരിശോധന നടത്തി.മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇന്നലെ 2 മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയതിന്റെ ഒരു ലക്ഷണവും കണ്ടെത്താനായില്ല. തൊഴിലാളികളിൽ 4 പേർ നാട്ടിലേക്കു മടങ്ങിയെന്നും ഒരാൾ ഇവിടെത്തന്നെ മറ്റൊരു ക്വാറിയിൽ ജോലിചെയ്യുന്നുവെന്നുമാണു ക്വാറിയുടമകളുടെ വിശദീകരണം.
ചില തൊഴിലാളികളുമായി പൊലീസ് ഫോണിൽ സംസാരിച്ചതായും വിവരമുണ്ട്. തൊഴിലാളികൾ മണ്ണിനടിയിലായെന്ന പ്രചാരണം ശരിവയ്ക്കുന്ന ഒരു സൂചനയും തിരച്ചിലിൽ ലഭിച്ചില്ലെന്നും, വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റവന്യൂ അധികൃതർ അറിയിച്ചു. ചെറുപുഴ പഞ്ചായത്തിലെ തിരുമേനി വില്ലേജിലെ കോറാളിമലയിൽ ഓഗസ്റ്റ് 9നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീടു പൂർണമായും തകർന്നിരുന്നു.ആ വീട്ടിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കാണാനില്ലെന്നായിരുന്നു പ്രചാരണം. പ്രദേശവാസികളിൽ ചിലർ ദിവസങ്ങൾക്കു മുൻപു പരാതി നൽകിയതോടെയാണു പൊലീസും റവന്യൂ വകുപ്പും ഇന്നലെ തിരച്ചിലിനിറങ്ങിയത്.
പരിശോധന നടക്കുന്നതിനിടെ പരാതിക്കാർക്കെതിരെ ചിലർ പ്രതിഷേധിക്കുകയും ചെയ്തു. ക്വാറിയുടമകളോടുള്ള വ്യക്തിവിരോധത്തിന്റെ പേരിലാണു പരാതി നൽകിയതെന്നും ആക്ഷേപമുണ്ട്. അതേ സമയം, കാണാതായെന്നു പറയപ്പെടുന്നവർ സുരക്ഷിതരാണെന്നു നേരിൽ ബോധ്യപ്പെട്ട ശേഷമേ സർക്കാരിനു നടപടികൾ അവസാനിപ്പിക്കാനാകൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: