ചെറുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി

ചെറുപുഴ: പൊലീസിനെ വട്ടം കറക്കി മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ചെറുപുഴ പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ വൈകുന്നേരം 3 മണിയോടെയാണു സംഭവം. പാടിയോട്ടുചാൽ വങ്ങാട് സ്വദേശി കലശപ്പുരയിൽ വിജയൻ (54) ആണ് പൊലീസ് സ്റ്റേഷന്റെ മുന്നിലെ പ്രവേശകവാടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി പൊലീസിനു തലവേദന സൃഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവത്തിനു തുടക്കം. മദ്യലഹരിയിൽ എത്തി വിജയൻ താഴെ ബസാറിൽ നിന്നും ഓട്ടോയിൽ കയറി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ തന്നെ ബാറിൽ വച്ചു തന്നെ ചിലർ മർദിച്ചുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നു പൊലീസ് ഇയാളെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി.
എന്നാൽ പരിശോധയിൽ കുഴപ്പമില്ലെന്നു പറഞ്ഞതിനെ തുടർന്നു തിരിച്ചുകൊണ്ടുവന്നു വിട്ടയക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ പ്രവേശന കവാടത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.തുടർന്നു പൊലീസുകാർ ഏറെ പണിപ്പെട്ടാണു ഇയാളെ പ്രവേശന കവാടത്തിൽ നിന്നും താഴെയിറക്കിയത്.തുടർന്നു കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തു കോടതിയിൽ ഹാജരാക്കി.സംഭവം അറിഞ്ഞു ഒട്ടേറെ ആളുകൾ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.വിവരം അറിഞ്ഞു പെരിങ്ങോത്തു നിന്നു അഗ്നിശമന സേനയും സ്ഥലത്തു എത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: