ബി പോസിറ്റീവ് ; വിദ്യാര്‍ഥികളുടെ നിലവാരമുയര്‍ത്താന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ : ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും പഠന നിലവാരം മെച്ചപ്പെടുത്താന്‍ ബി പോസിറ്റീവ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. സ്‌കൂളുകളിലെ വിജയശതമാനം നൂറുശതമാനമാക്കുകയും ഏറ്റവും കുറഞ്ഞ ഗ്രേഡ് ബി പ്ലസ് നിലവാരമാക്കി ഉയര്‍ത്തുകയാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.സ്‌കൂളിലും വീടുകളിലുമായി വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയത് കുട്ടികള്‍ക്ക് വേണ്ട പിന്തുണ നല്‍കി വിജയശതമാനം വര്‍ധിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി കൊണ്ടു വന്നത്. പത്താംക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ഘട്ടമായി കൗണ്‍സിലിംഗ് ക്ലാസ് നല്‍കും.പരീക്ഷ നേരിടുന്നതിന് എല്ലാ വിദ്യാര്‍ഥികളുടെയും ആത്മ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ആദ്യപടി. തുടര്‍ന്ന് രണ്ട് ഘട്ടമായി വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍ക്കും. വിദ്യാര്‍ഥികളിലെ മാനസിക വികാസത്തിനായി കുറഞ്ഞത് എല്ലാ ആഴ്ചയിലും ഒരു കൗണ്‍സിലിംഗ് ക്ലാസ് വീതം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.ഇതിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും കൗണ്‍സിലര്‍മാര്‍ക്കായി ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിച്ച് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കെ വി സുമേഷ് പറഞ്ഞു.അധ്യാപകര്‍ക്ക് മാത്രമല്ല സ്‌കൂളുകളുടെ വിജയശതമാനം വര്‍ധിപ്പിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ക്കും പങ്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.വീടുകളിലെ അസ്വാരസ്യങ്ങളും രക്ഷിതാക്കളുടെ മദ്യപാന ശീലവുമാണ് ജില്ലയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മിക്ക വിദ്യാര്‍ഥികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ സ്‌കൂളില്‍ വരാനോ താത്പര്യമുണ്ടാകാറില്ല.അങ്ങനെ വരുമ്പോള്‍ ഇല്ലാതാകുന്നത് ആ കുട്ടികളുടെ മെച്ചപ്പെട്ട ഭാവിയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് മാത്രം കൗണ്‍സിലിംഗ് നടത്തിയാല്‍ അത് ഫലവത്താകില്ല. അതിനാല്‍ രക്ഷിതാക്കള്‍ക്ക് കൂടി കൗണ്‍സിലിംഗ് നടത്തേണ്ടത് അനിവാര്യമാണെന്ന് ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. എല്ലാ സ്‌കൂളുകളിലും ആധുനിക സംവിധാനത്തോടു കൂടി കൗണ്‍സിലിംഗ് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.ഇതോടൊപ്പം എല്ലാ സ്‌കൂളുകളിലും ആധുനിക സൗകര്യത്തോട് കൂടി ശൗചാലയമൊരുക്കാനും പദ്ധതിയൊരുക്കും. അടുത്ത വര്‍ഷം മുതല്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിംഗ് ലഭ്യമാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: