പിറവം പള്ളിയിൽ സംഘർഷാവസ്ഥ; ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ വിഭാ​ഗം

തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘ‌ർഷാവസ്ഥ. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. പള്ളി ​ഗേറ്റ് പൂട്ടിയാണ് ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാ​ഗം തടഞ്ഞത്. എന്നാൽ, പള്ളിയിൽ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ആണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം. എന്നാൽ, ഈ നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ​ഗേറ്റ് പൂട്ടി പള്ളിക്കകത്ത് നിലയുറച്ചിരിക്കുകയാണ് യാക്കോബായ വിഭാ​ഗക്കാർ.അതേസമയം, ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ക്രൈസ്തവ സാക്ഷ്യത്തിന് ദോഷമുണ്ടാകാതിരിക്കാൻ ഇരുകൂട്ടരും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന ചർച്ച ചെയത് സമാവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് കോടതി വിധിയും പറയുന്നത്. ആരാധനാ സ്വാതന്ത്രം ബലികഴിച്ചുകൊണ്ട് ആരാധാനാലയങ്ങളിൽ നിന്ന് പോകാൻ ഇനി സാധിക്കില്ല. ബലപ്രയോ​ഗമുണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു. ഇനിയങ്ങോട്ട് തങ്ങളുടെ ഒരു ആരാധനാലയവും വിട്ടു നൽകില്ല. കോടതി വിധിക്ക് അകത്തുനിന്ന് തന്നെയാണ് സംസാരിക്കുന്നതെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചർച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. പിറവം പള്ളിയിൽ വിധി നടപ്പാക്കുകയാണ് വേണ്ടത്. പൊലീസ് നടപടികള്‍ സ്വീകരിക്കുന്നുവരെ കാത്തിരിക്കും. അക്രമത്തിനും സംഘർഷത്തിനും തയ്യാറല്ല. പൂട്ട് പൊളിച്ചു പള്ളിയിൽ കയറില്ലെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: