കോളാട് പാലം പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ധര്‍മ്മടം മണ്ഡലത്തിലെ പിണറായി – ധര്‍മ്മടം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോളാട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തില്‍ വാഹനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവയ്ക്കാവശ്യമായ റോഡ് സൗകര്യങ്ങളുണ്ടാകണമെന്നും പശ്ചാത്തല സൗകര്യ വികസനത്തില്‍ ആകാവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ കഴിയുന്ന പാലമാണ് കോളാട് നിര്‍മ്മിക്കുന്നത്. നിലവില്‍ സമയ ബന്ധിതമായി പാലം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  
  കോളാട് ജൂനിയര്‍ ബേസിക്ക് എല്‍ പി സ്‌കൂളില്‍ വീഡിയോ  കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെയും സ്ഥിതി അങ്ങേയറ്റം മോശമായിരുന്നെന്നും ഇതിന് അടിസ്ഥാനപരമായ മാറ്റം വരുത്താന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി ദേശീയപാതയും മലയോര പാതയും തീരദേശ പാതയും സംസ്ഥാന പാതകളും നിരവധി പാലങ്ങളും ഗവണ്‍മെന്റ് കെട്ടിടങ്ങളും നിര്‍മ്മിക്കുകയാണ്. 517 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് പണിയുന്നത്. ഇതില്‍ 60 ഓളം പാലങ്ങള്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തുള്ളതാണ്. അവ പൂര്‍ത്തീകരിക്കുകയാണ്.  ഈ കൊറോണ കാലത്ത് പോലും വന്‍കിട പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ 13.89 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ബസ് സര്‍വീസുകളും യാത്രാ സൗകര്യങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. കൂടാതെ അണ്ടല്ലൂര്‍ കാവിലേക്കുള്ള യാത്രയും എളുപ്പമാകും. നിലവിലുള്ള പാലത്തില്‍ നിന്നും മൂന്ന് മീറ്റര്‍ മാറി 7.50 മീറ്റര്‍ ക്യാരേജ് വേയും 1.50 മീറ്റര്‍ വീതിയില്‍ ഒരു ഭാഗത്ത് നടപ്പാതയുമായിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. പുഴയിലൂടെ ജലപാതയുള്ളതിനാല്‍ ജലഗതാഗത വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം.  
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ ഗീതമ്മ (പിണറായി), ബേബി സരോജം (ധര്‍മ്മടം), സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: