കണ്ണൂരില്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി; ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്കാരച്ചടങ്ങിനിടെ

8 / 100 SEO Score

കണ്ണൂര്‍: ആലക്കോട് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി. സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ശ്രദ്ധയില്‍ പെട്ടത്. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്‍റെ മൃതദേഹമാണ് മാറി നല്‍കിയത്.

‌രണ്ട് ദിവസം മുന്‍പാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ആലക്കോട് നെല്ലിപ്പാറക്കടുത്ത കണ്ണാടിപ്പാറ സ്വദേശി ശിവദാസ കൈമള്‍ മരിച്ചത്.കൊവിഡ് പരിശോധന അടക്കമുളള നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റി.കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് പിറ്റേന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.വീട്ടിലെത്തിച്ച മൃതദേഹം കുളിപ്പിച്ച ശേഷം ബന്ധുക്കള്‍ സംസ്കാര ചടങ്ങുകളിലേക്ക് കടന്നു.നാട്ടുകാരും അകന്ന ബന്ധുക്കളും മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. ശേഷമായിരുന്നു അടുത്ത ബന്ധുക്കളുടെ ഊഴം.മരിച്ച ശിവദാസ കൈമളുടെ മരുമകനാണ് മൃതദേഹം അമ്മാവന്‍റേത് അല്ലേ എന്നൊരു സംശയം ആദ്യം ഉന്നയിച്ചത്. പിന്നാലെ ബന്ധുക്കളും നാട്ടുകാരും ഇതേ ചോദ്യം പരസ്പരം ചോദിച്ചു.എന്നാല്‍ ഫ്രീസറില്‍ സൂക്ഷിച്ചതിനെ തുടര്‍ന്ന് രൂപ മാറ്റം വന്നതാകാമെന്നായി ഒരു കൂട്ടരുടെ വാദം.ഒടുവില്‍ മക്കള്‍ പിതാവിന്‍റെ വലതു കയ്യിലെ മറുക് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയെന്ന യാഥാര്‍ത്ഥ്യം മനസിലായത്.

ബന്ധുക്കള്‍ ആശുപത്രിയിലേക്ക് വിളിച്ച് മൃതദേഹം മാറിയ വിവരം പറഞ്ഞെങ്കിലും ആദ്യം അവര്‍ സമ്മതിച്ചില്ല.ഏതാണ്ട് ഇതേ സമയത്ത് തന്നെ ഇതേ ആശുപത്രിയിലെ ഒരു ഡോക്ടറുടെ പിതാവും മരിച്ചിരുന്നു.അദ്ദേഹത്തിന്‍റെ മൃതദേഹവും ഇവിടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു.സംസ്കാരത്തിനായി മൃതദേഹം എടുക്കാനെത്തിയ ഡോക്ടര്‍ തന്‍റെ പിതാവിന്‍റെ മൃതദേഹം കാണാനില്ലെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചതോടെയാണ് കാര്യത്തിന്‍റെ ഗൌരവം ആശുപത്രി അധികൃതര്‍ക്ക് മനസിലായത്.എന്തായാലും ശിവദാസ കൈമളുടെ ‘യഥാര്‍ത്ഥ’ മൃതദേഹം ആശുപത്രിയുടെ ആംബുലന്‍സില്‍ അപ്പോള്‍ തന്നെ ആലക്കോട്ടേക്ക് പുറപ്പെട്ടു.അന്ത്യ കര്‍മ്മ ചടങ്ങുകള്‍ പാതിവഴിക്ക് നിര്‍ത്തി ഡോക്ടറുടെ പിതാവിന്‍റെ മൃതദേഹം തളിപ്പറമ്പിലേക്കും.വഴിയില്‍ വെച്ച് മൃതദേഹങ്ങള്‍ പരസ്പരം കൈമാറി ബന്ധുക്കള്‍ തിരിച്ച് പോരുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: