പുതു ചരിത്രം പിറന്നു, ദ്രൗപതി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാവിലെ 10.15ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്.

അംബേദ്കറുടെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഓരോ ദരിദ്രരുടേയും നേട്ടമാണ് തന്റെ ശക്തി എന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും എന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു. ദളിതര്‍ക്കും സ്വപ്‌നം കാണാം എന്നാണ് തന്റെ രാഷ്ട്രപതി പദം കൊണ്ട് വ്യക്തമാകുന്നത്. ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ വര്‍ഷങ്ങളോളം വികസനം ഇല്ലാതായ ആളുകള്‍ക്ക് എന്നെ അവരുടെ പ്രതിഫലനമായി കാണാന്‍ കഴിയുന്നു എന്നത് എനിക്ക് സംതൃപ്തി നല്‍കുന്നു.എന്റെ നാമനിര്‍ദ്ദേശത്തിന് പിന്നില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്, ഇത് കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണ് എന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു.ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരാണ് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചത്. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: