ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെ പരിഗണിക്കണം; സമവായം വേണമെന്ന് ദേവസ്വം ബോര്‍ഡ്‌

ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്മണര്‍ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന് വിഷയം സജീവമായി ഉന്നയിച്ച് ബിഡിജെഎസ്‌. എന്നാല്‍ ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മാറ്റം ആലോചിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

‘ശബരിമല അയ്യപ്പന് അയിത്തമോ’ എന്ന വിഷയം എടുത്ത് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. പ്രക്ഷോഭം തുടങ്ങിയെങ്കിലും ബി.ജെ.പി. അടക്കം മൗനത്തിലാണ്. ബ്രാഹ്മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പിയുടെ ഘടകകക്ഷിയായ, തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. ആണ്. ശബരിമല വിഷയങ്ങളില്‍ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അബ്രാഹ്മണ ശാന്തികാര്യത്തില്‍ എടുത്തുചാട്ടമില്ല. അതിനാല്‍ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോര്‍ഡ് എന്ന് ദേവസ്വം പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഒരു വിഭാഗത്തിനും എതിര്‍പ്പില്ലെങ്കില്‍ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള ബ്രാഹ്മണര്‍ ആയിരിക്കണം ശബരിമലയിലെ മേല്‍ശാന്തി എന്നാണ് ആ ഗൈഡ് ലൈനില്‍ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല’- അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയില്‍ ആലോചിച്ചല്ല, ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വിഷയത്തില്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. ശബരിമലയിലെ ആചാരം വൈകാരികമായി ഉന്നയിക്കുന്ന ബി.ജെ.പി. ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. 2017ൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു. ഇത് നിശബ്‌ദ വിപ്ലവം എന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. പിഎസ്‌സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്‌തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റും സംവരണവും അടിസ്ഥാനമാക്കിയാണ് നിയമനം നടത്തിയത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ മലനട ദുര്യോധന ക്ഷേത്രം പോലുള്ള ചില മലദേവ ക്ഷേത്രങ്ങളില്‍ മാത്രമാണ് നേരത്തെ പൂജാ കര്‍മ്മങ്ങള്‍ ചെയ്‌തിരുന്നുള്ളൂ. ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ മാത്രമല്ല ട്രസ്‌റ്റുകളുടെയും മറ്റും അധീനതയിലുള്ള പ്രധാന ദേവക്ഷേത്രങ്ങളിലൊന്നും ദളിത് വിഭാഗത്തെ ശാന്തിയായി നിയമിക്കുമായിരുന്നില്ല. ചില സംഘടനകളുടെയും കുടുംബങ്ങളുടെയും വക ക്ഷേത്രങ്ങളില്‍ പിന്നാക്ക സമുദായക്കാരെയോ, ദളിതരെയോ ക്ഷേത്രത്തിലെ കഴകം ഉള്‍പ്പെടെയുള്ള അകംജോലികളില്‍ ഒന്നും തന്നെ നിയമിക്കാത്ത സാഹചര്യമാണ്. ഈ അവസ്ഥക്കാണ് ഇതോടെ മാറ്റം വന്നത്.സംവരണത്തിന്റെ ബലത്തില്‍ മാത്രമല്ല ഈ നിയമനം. താന്ത്രിക പരിശീലനം നേടിയ ആചാരാനുഷ്‌ഠാനങ്ങള്‍ അറിയാവുന്നവരെ തന്നെയാണ് നിയമിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: