നെൽകൃഷിക്ക് വേണ്ടി കുമ്മായത്തിന് പകരം ഗുണമേന്മ ഇല്ലാത്ത ഡോളോമേറ്റ് നൽകിയെന്നാരോപണം; അന്വേഷണം വേണമെന്ന് കോൺഗ്രസ്


പേരാവൂർ: കുമ്മായം നൽകേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നൽകിയെന്ന കർഷകരുടെ ആരോപണത്തെ തുടർന്ന് സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് അവിശ്യപ്പെട്ടു. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള വളയങ്ങാട് പാടശേഖരത്തിലെ കർഷകരാണ് പരാതിയുമായി എത്തിയത്.

നെൽകൃഷിക്ക് വേണ്ടി പേരാവൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകർക്ക് നൽകിയ ഡോളോമേറ്റിലാണ് ഈ പരാതി ഉയർന്നത്. പേരാവൂർ കൃഷിഭവനാണ് എറണാകുളത്ത് നിന്ന് നാലേ മുക്കാൽ ടൺ ഡോളോമേറ്റ് കുമ്മായത്തിന് പകരമായി നേരിട്ട് വാങ്ങി നൽകിയത്. ഇതാവട്ടെ ഉപയോഗിക്കാൻ പോലും പറ്റാത്ത ഗുണനിലവാരം കുറഞ്ഞതും.

പേരാവൂരിലെ ബയോ ഇൻപുട്ട് സെൻറർ വഴി ചാലോട് നിന്നാണ് മുൻപ് കർഷകർക്കുള്ള കുമ്മായം കൃഷിഭവൻ വാങ്ങി നല്കുന്നത്. വിലയുടെ 75 ശതമാനം സർക്കാരും 25 ശതമാനം ഗുണഭോക്താക്കളുമാണ് നല്കേണ്ടത്. എന്നാൽ, ഇത്തവണ ആലുവയിലെ കാവേരി ഫെർട്ടിലൈസർ ഇൻ്റസ്ട്രീസിൽ നിന്ന് ഗുണമേന്മയില്ലാത്ത ഡോളോമേറ്റ് വാങ്ങി നൽകുകയായിരുന്നു. കർഷകർ പരാതിപ്പെട്ടപ്പോൾ, സാമ്പിൾ പരിശോധനക്കയക്കുകയും ചെയ്തു. സർക്കാർ നിഷ്ക്കർക്കിച്ചതിലും മേലെ ന്യൂട്രലൈസിംങ്ങ് വാല്യു ( 121%) ഉണ്ടെന്ന പരിശോധന ഫലം നല്കുകയും ചെയ്തു. എന്നാൽ, സംശയം തോന്നിയ കർഷകർ തങ്ങൾക്ക് ലഭിച്ച ഡോളോമേറ്റിൽ നിന്ന് ശേഖരിച്ച സാമ്പിൾ പടന്നക്കാട്ടെ സെൻററിൽ അയച്ചപ്പോൾ വാല്യു 89% എന്നാണ് റിസൾട്ട് ലഭിച്ചത്.
കർഷകർക്ക് നൽകിയ ഡോളോമേറ്റിൽ നിന്നുള്ള സാമ്പിളിന് പകരം വേറെ ഗുണമേന്മയുള്ള ഡോളോമേറ്റാണ് കൃഷി ഓഫീസർ പരിശോധനക്കയച്ച് റിസൾട്ട് വാങ്ങി നൽകിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. നെൽക്കൃഷിക്ക് അനുയോജ്യമല്ലാത്ത മഗ്നീഷ്യം കലർന്ന ഡോളോമേറ്റ് മിശ്രിതമാണ് കർഷകർക്ക് കുമ്മായമെന്ന പേരിൽ നൽകിയത്. ന്യൂട്രലൈസിംങ്ങ് വാല്യു 110 ശതമാനത്തിൽ കുറഞ്ഞാൽ നെൽകൃഷിക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നാണ് കർഷകർ പറയുന്നത്. 20 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്ന ഇവർ പേരാവൂർ റൈസ് എന്ന പേരിൽ അരിയും മാർക്കറ്റിൽ ഇറക്കുന്നുണ്ട്

കുമ്മായത്തിന് പകരം ഗുണനിലവാരമില്ലാത്ത ഡോളോമേറ്റ് നൽകിയതിൽ സാമ്പത്തിക അഴിമതി നടത്തിയെന്നാണ് കർഷകർ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കർഷകരെ വഞ്ചിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് നേതാക്കളായ ജൂബലി ചാക്കോ, ബൈജു വർഗ്ഗീസ് എന്നിവർ ആവിശ്യപെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: