കെ.എസ്.എഫ്.ഇ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വായ്പ; മുടങ്ങിപ്പോയ പദ്ധതി നടപ്പിലാക്കാൻ തീരുമാനം

വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്എഫ്ഇ വിദ്യാശ്രീ പദ്ധതി പ്രകാരം നൽകാമെന്നേറ്റ് മുടങ്ങിപ്പോയ ലാപ്ടോപ് വിതരണം നടപ്പിലാക്കാൻ തീരുമാനമായി

കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നേരത്തെ ലാപ്‌ടോപ് നല്‍കുന്നതിനായി കെഎസ്എഫ്ഇ വിദ്യാശ്രീ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. കുടുംബശ്രീയുടെ വിദ്യാശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ തിരിച്ചടവില്‍ 15,000 രൂപയുടെ ലാപ്‌ടോപ്പുകള്‍ അനുവദിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

30 തവണകള്‍ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്‌ക്കേണ്ടത്. എന്നാല്‍ ലാപ്‌ടോപ്പുകള്‍ നല്‍കാമെന്നേറ്റിരുന്ന കമ്പനികള്‍ സമയബന്ധിതമായി ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയതായി സര്‍ക്കാര്‍ കണ്ടെത്തി. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത സാമഗ്രികള്‍ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്‌ടോപ്പുകള്‍ വൈകുന്നത് എന്നാണ് കമ്പനികളുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിരമായി യോഗം ചേരുകയും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയയും ചെയ്തത്.
ഇത് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പുകള്‍ / ടാബ്ലറ്റുകളുടെ ബില്‍ / ഇന്‍വോയ്സ് ഹാജരാക്കിയാല്‍ 20000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ യില്‍ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ വായ്പ ലഭ്യമാകുക.

ലാപ്‌ടോപ്പുകളും ടാബ്ലറ്റുകളും ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ കമ്പനികള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാന്‍ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നിലവില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള എച്ച്പി, ലെനോവോ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ തന്നെ മതി എന്നുള്ളവര്‍ക്ക് കമ്പനികള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: