കുട്ടിയ സ്റ്റോപ്പില്‍ ഇറക്കിയില്ല, കണ്ടക്ടറെ ശിശുഭവനില്‍ നല്ലനടപ്പിനയച്ച്‌ കളക്‌ടര്‍

പണി ഇങ്ങനെയും വരുമെന്ന് കണ്ടക്ടര്‍ തീരെ വിചാരിച്ചിരിക്കില്ല. എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കാതിരുന്നതിന് നല്ലനടപ്പു ശിക്ഷയായി സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു കിട്ടിയത് ശിശുഭവനില്‍ പത്തു ദിവസം കെയര്‍ ടേക്കര്‍ ആയി ജോലിചെയ്യാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. തവനൂര്‍ ശിശുഭവന്‍ സൂപ്രണ്ടിന്റെ സാക്ഷ്യപത്രം പരിശോധിച്ച ശേഷമായിരിക്കും അനന്തര നടപടിയെന്ന് കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ബസ് ആര്‍.ടി.ഒ ഇന്നലെ പിടിച്ചെടുക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം വേങ്ങരയില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് കണ്ടക്ടര്‍ സ്റ്റോപ്പില്‍ ഇറക്കാതെ, മൂന്നൂറു മീറ്ററോളം ദൂരെ മഴയത്ത് ഇറക്കിവിട്ടത്. സഹോദരിയും ബസില്‍ ഉണ്ടായിരുന്നെങ്കിലും തിരക്കു കാരണം കുട്ടിക്ക് ഒരുമിച്ചിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അനിയന്‍ ഇറങ്ങിയിട്ടില്ലെന്ന് പെണ്‍കുട്ടി റോഡില്‍ നിന്ന് വിളിച്ചുപറഞ്ഞിട്ടും, അതു കേള്‍ക്കാതെ ബസ് വിടുകയായിരുന്നു. ബസിലുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.പി. ഷാജഹാന്‍ ഇക്കാര്യം സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നായിരുന്നു നടപടി.മലപ്പുറത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി, ബസുകള്‍ സമയകൃത്യത പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പിന്നിലെ ബസിലെ ഒരു ജീവനക്കാരന്‍ നേരത്തേ പുറപ്പെട്ട ബസില്‍ കയറുന്ന രീതിയുണ്ട്. ഇയാളാണ് കുട്ടിയെ ഇറക്കുന്നതില്‍ വീഴ്ച വരുത്തിയതെങ്കിലും ഉത്തരവാദിത്വം കണ്ടക്ടര്‍ക്കാണെന്ന് സംഭവം അന്വേഷിച്ച ആര്‍.ടി.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ശിശുഭവനിലെ അന്തരീക്ഷവുമായി ഇടപഴകി, കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നയാളായി കണ്ടക്ടര്‍ തിരിച്ചുവരട്ടെയെന്ന് നടപടി വിവരം വിശദീകരിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: