നിർത്തിവെച്ച കെ എസ് ആർ ടി സി ബസ് സർവീസുകൾ പുനരാരംഭിക്കും;ജില്ലാ വികസന സമിതി യോഗം

കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ കെ എസ് ആർ ടി സി പുനസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിടിഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാസർകോട് ഭാഗത്തേക്കുമുള്ള രാത്രികാല കെ എസ് ആർ ടി സി സർവ്വീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കും. പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റൂട്ടിലും കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കും. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി യൂണിറ്റുകളിൽ നിന്നും വരുമാനം ലഭിക്കുന്ന സർവ്വീസുകൾ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കെ എസ് ആർ ടി സി അറിയിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സജീവമാക്കാൻ ആർ ടി ഒക്ക് യോഗം നിർദേശം നൽകി. സ്വകാര്യ ബസുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ നൽകുന്നത് അടിയന്തിരമായി തീരുമാനിച്ച് റിപ്പോർട്ട് ചെയ്യാൻ ആർടിഒക്ക് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. വിദ്യാർഥികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാപ്രശ്‌നം പരിഗണിച്ചാണിത്.

ദേശീയപാതയിലെ സർവീസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചതിനാൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.  

അനർട്ടിനെ ഏൽപിച്ച പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ സോളാർ ലൈറ്റിന്റെ അറ്റകുറ്റപ്പണി ഭരണാനുമതി ലഭിച്ചാൽ ഉടൻ ആരംഭിക്കും. പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതിക്കായി ചപ്പാരപ്പടവ് പഞ്ചായത്തിൽ കിണർ നിർമ്മാണ പ്രവൃത്തി പോലീസ് സംരക്ഷണത്തോടെ പുനരാരംഭിക്കാൻ കരാറുകാരന് നിർദേശം നൽകിയതായി വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പഞ്ചായത്തിലെ എതിർപ്പ് കാരണമാണ് പ്രവൃത്തി നടത്താനാവാത്തത്. ഈ വിഷയത്തിൽ ചപ്പാരപ്പടവ് പഞ്ചായത്തുമായി കൂടിയാലോചന നടത്താൻ തീരുമാനിച്ചു.

ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വന്യമൃഗ ശല്യം തടയാൻ കേരള വനവുമായി ബന്ധപ്പെട്ട ഫെൻസിങ്ങിന്റെ അറ്റകുറ്റപണിക്ക് ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതായി കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. ഇതിൽ തുടർനടപടികൾ സ്വീകരിക്കും.

നിർമ്മാണ പ്രവൃത്തികളിൽ മറ്റ് വകുപ്പുകളിൽനിന്ന് ലഭ്യമാക്കേണ്ട അനുമതികൾ, പ്രവൃത്തി ഏറ്റെടുത്ത വകുപ്പ് മുൻകൈയെടുത്ത് ലഭ്യമാക്കണമെന്ന് കലക്ടർ പറഞ്ഞു.  സമയബന്ധിതമായി പദ്ധതികൾ തീർപ്പാക്കാൻ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

വികസന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന യോഗങ്ങളിൽ ഉത്തരവാദപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ വീഴ്ച കൂടാതെ പങ്കെടുക്കണമെന്നും കളക്ടർ പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എം എൽ എമാരായ കെ പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട്് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: