പത്താം വർഷവും കെട്ടിട നമ്പറില്ല ; ജോയിക്ക് ആട് ഫാം ഇനി സ്വപ്നം

സ്വന്തം നാട്ടിൽ ‘ആട് ജീവിതം’ നയിക്കുകയാണ് 27 വർഷം പ്രവാസിയായിരുന്ന പേരാവൂർ വെള്ളർവള്ളി സ്വദേശി ജോയിപൗലോസ്. നാട്ടിൽ കൃഷിയും വ്യവസായവും തുടങ്ങണമെന്ന ആഗ്രഹത്തോടെ ഗൾഫിലെ ജോലി ഉപേക്ഷിച്ചതാണ് ആദ്യ പിഴവെന്നു ജോയി പറയുന്നു. ആട്, പശു, കോഴി, കാട, മുയൽ എന്നിവയെല്ലാമുള്ള ഫാമിനുള്ള പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. റിസർച് സെന്ററും ആധുനിക ക്ലിനിക്കും മൃഗസംരക്ഷണ പഠന കേന്ദ്രവും പദ്ധതിയിട്ടിരുന്നു. വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലുള്ള ബോയ്സ് ടൗണിൽ ഇതിനായി പത്തേക്കർ സ്ഥലം കണ്ടെത്തി. ആദ്യഘട്ടം നിർമാണം പൂർത്തീകരിച്ച ശേഷം കെട്ടിട നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ച അന്ന് തുടങ്ങി ജോയിയുടെ ഗതികേട്. 10 വർഷം പൂർത്തിയാകുമ്പോഴും കെട്ടിട നമ്പർ കിട്ടിയിട്ടില്ല.ആധുനിക രീതിയിൽ ഫാം നടത്താൻ പദ്ധതിയിട്ട ജോയി ആകെയുള്ള 25 ആടുകൾക്ക് പുല്ല് ചെത്തിയും തീറ്റ കൊടുത്തും നമ്പറിടാത്ത കെട്ടിടത്തിൽ ആട് ജീവിതം നടത്തുകയാണ് ഇപ്പോൾ. നമ്പർ പതിയാത്ത കെട്ടിടവും കൂടുകളും തുരുമ്പെമ്പെടുത്ത് കഴിഞ്ഞു. നമ്പറിനായി അപേക്ഷിച്ചപ്പോൾ ഉദ്യോഗസ്ഥർ മുതൽ ജനപ്രതിനിധികൾ വരെയുള്ളവർ വിഹിതം ചോദിച്ചെത്തി. വൻ തുക ചോദിച്ചതോടെ ക്ഷമ നശിച്ച ജോയി വിവരം വിജിലൻസിനു കൈമാറി.പണം നൽകിയ ഉടൻ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. കേസായതോടെ പിന്നീടെത്തിയ ഉദ്യോഗസ്ഥർ സംഘടിതമായി പ്രതികാര നടപടികൾ തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: