കൊള്ളപലിശ ഇല്ലാതാക്കാൻ “മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാൻ കുടുംബശ്രീയുമായി സഹകരിച്ച്

“മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുമായി സർക്കാർ. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത പുലർത്തുന്നവരുടേയും കൊള്ളപലിശക്കാരിൽ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നൽകുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി
പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച പാലക്കാട് മണ്ണാർകാട് പഴേരി കണ്വെൻഷൻ സെന്ററിൽ നടക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിപ്രകാരം 1,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഒരാൾക്ക് വായ്പയായി നൽകുക. നിലവിൽ കൊള്ളപലിശക്കാരിൽ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീർക്കാനും വായ്പ നൽകും. വായ്പക്കാരനിൽ നിന്നും 12 ശതമാനം പലിശ മാത്രമാണ് ഈടാക്കുക. ഇതിൽനിന്നും ഒൻപതുശതമാനം പലിശ പ്രാഥമിക കാർഷിക ബാങ്കുകളിൽ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകൾക്ക് അല്ലെങ്കിൽ വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം. പരമാവധി ഒരു വർഷമാണ് തിരിച്ചടയ്ക്കാനുള്ള കാലപരിധി. അതായത് 1,000 രൂപ വായ്പ എടുത്ത ഒരാൾ ഒരു വർഷം കൊണ്ട് 52 ആഴ്ചകളിൽ തുല്യഗഡുക്കളായി 1,120 രൂപ തിരിച്ചടയ്ക്കണം. പത്ത് ആഴ്ചയിൽ തിരിച്ചടവ് പൂർത്തിയാകുന്ന വായ്പകളും നൽകും.
വായ്പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാർഡിലേയും ഒന്നു മുതൽ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രവർത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് വായ്പാ ചുമതല നൽകുക. കുടുംബശ്രീ അംഗങ്ങൾ അവരുടെ പ്രദേശത്തെ വായ്പാ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നൽകും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നൽകാൻ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരു യൂണിറ്റിന് പരമാവധി പത്ത് ലക്ഷം രൂപ വരെ ഒൻപതുശതമാനം പലിശ നിരക്കിൽ ക്യാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും.
പുനർവായ്പ ആവശ്യമുള്ള സംഘങ്ങൾക്ക് എട്ടുശതമാനം പലിശ നിരക്കിൽ ജില്ലാസഹകരണ ബാങ്കുകൾ പുനർവായ്പ നൽകും. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംഘംതലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, സഹകരണസംഘം സെക്രട്ടറി കണ്വീനറും ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കണ്വീനറും, സംസ്ഥാനതലത്തിൽ സഹകരണ മന്ത്രി ചെയർമാനും, സഹകരണസംഘം രജിസ്ട്രാർ കണ്വീനറുമായ മോണിറ്ററിംഗ് കമ്മിറ്റികൾ പ്രവർത്തിക്കും.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading