പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പോലീസിന്റെ പഴുതടച്ച അന്വേഷണം വിദഗ്ദമായി നടത്തിയ മോഷണമായിട്ടും പ്രതികളെ രണ്ടാഴ്ച കൊണ്ട് പിടികൂടാൻ സാധിച്ചു; പഴയങ്ങാടി പൊലീസിന് ഇത് അഭിമാന നിമിഷം.

അതി വിദഗ്ധമായി നടത്തിയ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാ കേസില്‍ തുമ്പുണ്ടാക്കി പോലീസ്. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യ സൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) ആണ് മുഖ്യ പ്രതി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്‍, പഴയങ്ങാടി എസ്.ഐ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്. തളിപ്പറമ്പ എസ്‌ ഐ ആയിരുന്ന ബിനു മോഹൻ പഴയങ്ങാടിയിൽ ചുമതല ഏറ്റെടുത്ത ഉടനെയായിരുന്നു ജ്വല്ലറി മോഷണം നടക്കുന്നത്. തളിപ്പറമ്പിൽ പോലീസിനെ വട്ടം കറക്കിയ വയോധികരെ പറ്റിച്ചു പണം തട്ടുന്നയാളെ അതി വിദഗ്ദമായി പിടികൂടിയ ശേഷം ഈ കേസിലും തുമ്പുണ്ടാക്കിയത് എസ് ഐ ബിനു മോഹന്റെ തൊപ്പിയിൽ ഒരു പൊൻതൂവലായി. കവര്‍ച്ചയില്‍ നേരിട്ടുപങ്കെടുത്ത രണ്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്‌റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായി. 2.880 കിലോയാണ് നഷ്ടപ്പെട്ടതെന്ന് ഉടമയും സ്ഥിരീകരിച്ചു. പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് കവര്‍ച്ചയെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അല്‍ഫത്തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നട്ടുച്ചയ്ക്ക് പൂട്ടുപൊളിച്ചാണ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കൊണ്ടുപോയത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സ്‌കൂട്ടറിനായി നടത്തിയ തെരച്ചിലില്‍ നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിന് വേഗത കൂടിയത്. മുഖ്യപ്രതി റഫീഖിനെ ചോദ്യം ചെയ്തതോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ നിരവധി കവര്‍ച്ചകളെക്കുറിച്ച് വ്യക്തമായിട്ടുണ്ട്.

error: Content is protected !!
%d bloggers like this: