മോഷ്ടിച്ച ടിപ്പർ ലോറി പിടികൂടാൻ ശ്രമിച്ച പോലീസ് സംഘത്തെ ഇടിച്ച് ലോറിയുമായി കടന്നു കളഞ്ഞു

ചീമേനി: ടിപ്പർ ലോറിമോഷ്ടിച്ച് കൊണ്ടുവരുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെ ലോറി ഇടിച്ച് കൊലപ്പെടുത്താൻശ്രമം.
ചീമേനി എസ്‌ഐ പി.വി.രാമചന്ദ്രനെയും പോലീസുകാരെയുമാണ് പോലീസ് ജീപ്പിനുമേല്‍ ടിപ്പര്‍ലോറികയറ്റി കൊല്ലാന്‍ ശ്രമിച്ചത്. എസ്‌ഐയും പോലീസുകാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു പോലീസ്. വാഹനം തകർന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം. വടകരയില്‍ നിന്നും മോഷണം പോയ കെഎല്‍ 54 എ 1816 നമ്പര്‍ ടിപ്പര്‍ലോറി ചീമേനി പോലീസ് സ്റ്റേഷന്‍ വഴി കടന്നുപോകുന്നുണ്ടെന്ന് സൈബര്‍സെല്‍ മുഖേന വടകര പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് വടകര പോലീസ് ഇൻസ്പെക്ടർ ചീമേനി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ രാമചന്ദ്രനും സിവില്‍ പോലീസ് ഓഫീസര്‍ സാജു, ഡ്രൈവര്‍ ദിലീപ് എന്നിവര്‍ ലോറിയെ പിടികൂടാനായി ചീമേനി -ചെറുവത്തൂര്‍ റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതുവഴി വന്ന ലോറിക്ക് പോലീസുകാര്‍ കൈനീട്ടിയെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. പോലീസ് ജീപ്പ് ലോറിയെ പിന്തുടര്‍ന്ന് നിടുംമ്പ ചള്ളുവക്കോട്ട് വെച്ച് ലോറിയെ ഓവര്‍ടേക്ക് ചെയ്ത് പോലീസ് ജീപ്പ് കുറുകെയിട്ടു. ഇതിനിടയില്‍ പെട്ടെന്ന് ഇടതുഭാഗത്തേക്ക് തിരിച്ച ടിപ്പര്‍ലോറി അതിവേഗത്തില്‍ പിറകോട്ടെടുത്ത് പോലീസ് ജീപ്പില്‍ ഇടിക്കുകയായിരുന്നു. രണ്ടുതവണ ടിപ്പര്‍ലോറി പോലീസ് ജീപ്പിലിടിച്ചപ്പോള്‍ ഡ്രൈവറും പോലീസുകാരനും പുറത്തേക്ക് ചാടി. ഇടിയുടെ ആഘാതത്തില്‍ എസ്‌ഐ ഇരുന്ന ഭാഗത്തെ ഡോര്‍ കുടുങ്ങി.. എസ്‌ഐയെ പുറത്തേക്കിറക്കാനുള്ള ശ്രമത്തിനിടയില്‍ പോലീസിനെയും വെട്ടിച്ച് ടിപ്പര്‍ലോറിയുമായി മോഷ്ടാവ് രക്ഷപ്പെട്ടു. ടിപ്പര്‍ ലോറികൊണ്ട് ഇടിച്ചതിനാല്‍ പോലീസ് ജീപ്പ് ഭാഗികമായി തകര്‍ന്നു. 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പോലീസിനെ വധിക്കാന്‍ ശ്രമിച്ചതിനും പോലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിതിനും ഓദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുംലോറി ഓടിച്ചയാള്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. വടകര കൈ നാട്ടിയിലെ ഷിജീബിൻ്റേതാണ് മോഷണം പോയ ടിപ്പർലോറി.