മട്ടന്നൂരിൽ ഗതാഗത പരിഷ്കരണം ഇന്ന് മുതൽ

0

മട്ടന്നൂർ : നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് 25 മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നഗരസഭാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

ഈ യോഗത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റി രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. ഗതാഗത കുരുക്ക് പരിഹരിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് അഭ്യർഥിച്ചു.

പ്രധാന നിയന്ത്രണങ്ങൾ

  • ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കടകളിൽ ചരക്ക് ലോറികൾ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ 5.30 വരെയും സാധനങ്ങൾ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കണം

  • തലശ്ശേരി റോഡിലെ ഓട്ടോകൾ സീബ്രാലൈനിന് പിറകിൽ പാർക്ക് ചെയ്യണം. ഓട്ടോറിക്ഷകളുടെ എണ്ണം പരമാവധി 25 ആക്കി നിജപ്പെടുത്തി. അതിന് ശേഷം വരുന്ന ഓട്ടോകൾ പ്രഭാഫാർമസി ലെയിനിലും ബസ് സ്റ്റാൻഡ് ലെയിനിലും പാർക്ക് ചെയ്യണം.
  • ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന ഇടതുഭാഗത്ത് ഇരുചക്ര വാഹനങ്ങൾ മാത്രം 10 മിനിട്ട്‌ പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ മുന്നോട്ട് പോയി നഗരസഭയുടെയും സ്വകാര്യ വ്യക്തിയുടെയും പാർക്കിങ് മൈതാനത്ത് നിർത്തണം.

ബസ് സ്റ്റാൻഡിന് പിറകിലെ വഴിയിൽ പാർക്കിങ് പൂർണമായി നിരോധിച്ചു. വാഹനങ്ങൾ നഗരസഭയുടെ വ്യാപാര സമുച്ചയത്തിന് അടിയിൽ മാത്രമേ പാർക്ക് ചെയ്യാവൂ.മലബാർ പ്ലാസ കോംപ്ലക്സിനും നഗരസഭാ വ്യാപാര സമുച്ചയത്തിനും ഇടയിലുള്ള വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

  • പ്രഭാ ഫാർമസി മുതലുള്ള ഓട്ടോ പാർക്കിങ് കംഫർട്ട് സ്റ്റേഷന് സമീപം അവസാനിക്കേണ്ടതും യാത്രക്കാരെ കയറ്റി മത്സ്യ മാർക്കറ്റ് വഴി കണ്ണൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതുമാണ്.
  • തലശ്ശേരി റോഡിൽ പാർക്ക് ചെയ്യുന്ന ആംബുലൻസുകൾ അവിടെ നിന്ന് മാറി കനാൽ റോഡിൽ പാർക്ക് ചെയ്യണം.
  • മിഷൻ ആസ്പത്രി മുതൽ ശിവപുരം റോഡ് വരെ ഇടതുവശം ഒരു വാഹനവും പാർക്ക് ചെയ്യരുത്. പകരം, ആംബുലൻസ് നിർത്തിയിടുന്ന സ്ഥലത്ത് 15 മിനിട്ട്‌ മാത്രം പാർക്ക് ചെയ്യാം.
  • ഗവ. ആസ്പത്രി റോഡിൽ തലശ്ശേരി റോഡിൽ നിന്ന് ആസ്പത്രി ഭാഗത്തേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ ചെറു വാഹനങ്ങൾക്ക് 15 മിനിട്ട്‌ പാർക്ക് ചെയ്യാം.
  • ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് മുൻവശം ഇരുചക്ര വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാവൂ. മറ്റു വാഹനങ്ങൾ റോഡിന്റെ വലത് വശം പാർക്ക് ചെയ്യണം.

സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിന് ഗവ. ആസ്പത്രിക്ക് സമീപത്തെ സ്വകാര്യ പാർക്കിങ് മൈതാനം, അങ്കണവാടിക്ക് സമീപത്തെ നഗരസഭയുടെ പാർക്കിങ് സ്ഥലം, നിർദിഷ്ട പഴം – പച്ചക്കറി മാർക്കറ്റ് പരിസരം, ഐ മാളിന് സമീപമുള്ള സ്വകാര്യ പാർക്കിങ് സ്ഥലം, കണ്ണൂർ റോഡിൽ വില്ലേജ് ഓഫീസിന് സമീപം തുടങ്ങുന്ന സ്വകാര്യ പാർക്കിങ് സ്ഥലം എന്നിവ ഉപയോഗിക്കാം.

പോലീസിന്റെ സി.സി.ടി.വി ക്യാമറകൾ വഴി നിരീക്ഷിക്കുകയും നിയമം ലംഘിക്കുന്നവർക്ക് എതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading