ഏഴിമലയിലേക്കുള്ള ഏക സർവ്വീസ് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴിമല നിവാസികൾ പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ ബസ് തടഞ്ഞു .

പയ്യന്നൂർ: ഏഴിമല ടോപ് റോഡിലെ ഏക കെ.എസ്.ആർ.ടി.സി ബസ് 1 സർവ്വീസ് മുടക്കുന്നതിനെതിരെ നാട്ടുകാർ ബസ് തടഞ്ഞു. ടയർ ക്ഷാമമെന്ന പേരിൽ ഏഴിമല സർവ്വീസ് മുടക്കുകയും ഇതേ ബസ് മറ്റു റൂട്ടുകളിലേക്ക് സർവ്വീസ് നടത്തുകയും ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്നലെ ഉച്ചയോടെ പഴയ ബസ് സ്റ്റാന്റിലാണ് ഏഴിമല നിവാസികൾ ബസ് തടഞ്ഞത്. ഉച്ചക്ക് ഏഴിമല ടോപ് റോഡിലൂടെ സർവ്വീസ് നടത്തേണ്ട ബസ് പടന്നക്കടപ്പുറത്തേക്ക് സർവ്വീസ് നടത്താനൊരുങ്ങിയപ്പോഴാണ് ഏഴിമല നിവാസികൾ ബസിൽ കയറിയിരുന്നും ബസിന് മുന്നിൽ കയറിനിന്നും സർവ്വീസ് തടഞ്ഞത്. ടയർ ക്ഷാമത്തിന്റെ പേരിൽ ഏഴിമലയിലേക്കുള്ള ഏക സർവ്വീസ് നിർത്തി കൂടുതൽ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ സർവ്വീസ് നടത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ഏഴിമല നിവാസികൾ പറയുന്നു. ബസ് സർവ്വീസ് നിർത്താനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിരവധി സമരങ്ങൾ നടത്തിയാണ് സർവ്വീസ് നിർത്തില്ല എന്ന ഉറപ്പ് അധികൃതരിൽ നിന്നും നേടിയെടുത്തത്. നേവൽ അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ സർക്കാർ അനുവദിച്ച ഈ ബസ് സർവ്വീസ് മാത്രമാണ് തങ്ങൾക്ക് ഏക ആശ്രയമെന്നും സ്വകാര്യ ബസുടമകളുമായി ചില ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ജനങ്ങൾ പറയുന്നു. നാട്ടുകാരുടെ പ്രശ്നം മനസിലാക്കിയ സി. കൃഷ്ണൻ എം.എൽ.എയും സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി.മധുവും കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്ന് മുതൽ സർവ്വീസ് മുടക്കില്ല എന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിന്മാറിയത്. കെ.എസ്.ആർ.ടി.സി അധികൃതർ വാക്ക് പാലിക്കാതെ ഇന്ന് സർവ്വീസ് നടത്താതിരുന്നാൽ നാളെ പഴയ ബസ്റ്റാന്റിലെത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകളും തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ബസ് തടയൽ സമരത്തിന് സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.വിജീഷ്, സി.പി.ഐ രാമന്തളി മണ്ഡലം കമ്മിറ്റി നേതാവ് എം.ചന്ദ്രൻ, ലോറൻസ് തച്ചം വീട്ടിൽ, ബൈജു കെ.പീറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ബസ് തടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചത്.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: