അന്തർ സംസ്ഥാന ബസുകളിലെ അമിതചാര്‍ജ് നിയന്ത്രിക്കും; ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകളിലെ അമിതചാര്‍ജ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍.
അന്തർസംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജിപിഎസ് ഘടിപ്പിക്കണമെന്നും ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്നും സ്പീഡ് ഗവർണർ നിർബന്ധമാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. നിരക്ക് നിയന്ത്രണം പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ ചുമതലപ്പെടുത്തി.

ലൈസന്‍സില്ലാത്ത ബുക്കിങ് ഏജന്‍സികള്‍ പൂട്ടിക്കും. കെഎസ്ആര്‍ടിസി കഴിയുന്നതും അന്തര്‍സംസ്ഥാന ബസുകള്‍ റദ്ദാക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമിതവേഗത്തില്‍ ഓടുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി കര്‍ശനമാക്കും. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍ ആലോചിക്കാൻ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ. ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡിജിപി, കെഎസ്ആർടിസി എംഡി എന്നിവർ പങ്കെടുത്തു.

സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: