പട്ടിണിയില്ലെന്ന് ഉറപ്പാക്കാൻ
കൂട്ടായ ഇടപെടൽ ; കണ്ണൂർ കലക്ടർ

കൊറോണ ക്കെതിരായ നമ്മുടെ പോരാട്ടം ഒറ്റക്കെട്ടായി തുടരേണ്ടതുണ്ട്. എന്നാൽ
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഏത് സാഹചര്യത്തിലായാലും ഒരാൾ പോലും ആഹാരം കിട്ടാതെ കഴിയുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അതിനാവശ്യമായ നടപടികള്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വീകരിക്കും.

ജോലിക്ക് പുറത്തിറങ്ങാന്‍ കഴിയാത്തത് നിത്യ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കും. ഗോത്ര വിഭാഗങ്ങള്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കും ലോക്ക്ഡൗണിന്റെ 21 ദിവസം ദുഷ്‌ക്കരമാകും. ഇവരെ സഹായിക്കാന്‍ ആവശ്യമായ കാര്യങ്ങളുടെ മേല്‍നോട്ടം തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന അഞ്ചംഗ സമിതികള്‍ക്കാണ്. സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, പൊലീസ് എന്നിവരടങ്ങിയതായിരിക്കും ഈ സമിതി. സഹായം ആവശ്യമായ എല്ലാ കുടുംബങ്ങള്‍ക്കും അത് ഉറപ്പാക്കും. വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റേഷനുപുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. റേഷന്‍ കടകളിലൂടെ നല്‍കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടുമെന്നതിനാലാണ് ബദല്‍ മാര്‍ഗ്ഗം. പ്രധാനമായും അതിഥി തൊഴിലാളികളെയും ഗോത്രമേഖലയിലെ ജനങ്ങളെയുമാണ് പദ്ധതിയില്‍ ഭാഗമാക്കുന്നത്. ഭക്ഷണ സാധനങ്ങളായോ പാകം ചെയ്‌തോ എത്തിക്കും. അതിഥിതൊഴിലാളികള്‍ക്ക് അവരുടെ ഭക്ഷണരീതിക്കനുസരിച്ചുള്ള വിഭവങ്ങളാകും ലഭ്യമാക്കുക.

അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ഒരു സ്ഥാപനത്തിലോ, കരാറുകാരുടെയോ കീഴില്‍ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന കാര്യങ്ങള്‍ കമ്പനിയോ, കരാറുകാരോ തന്നെ ഉറപ്പ് വരുത്തേണ്ടതാണ്. ഒറ്റപ്പെട്ട തരത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കാവും പ്രഥമ പരിഗണന.

ദുര്‍ബല വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കളും ആവശ്യമെങ്കില്‍ പാകം ചെയ്ത ഭക്ഷണവും എത്തിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത കുടുംബങ്ങളാണെങ്കിലും സാധനങ്ങള്‍ ലഭിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് പണം ഇടാക്കിയും ഇവ നല്‍കാന്‍ സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഗ്രാമങ്ങളില്‍ കുടുംബശ്രീയുടെ ഹോംശ്രീ ഹോം ഡെലിവെറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളില്‍ സ്‌റ്റേസേഫ് ഹോം ഡെലിവെറി സംവിധാനമാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു തലത്തിലുള്ള മുതലെടുപ്പും അനുവദിക്കില്ല. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യണമെങ്കില്‍ അതത് വാര്‍ഡ് തല കമ്മറ്റികളെയോ പഞ്ചായത്ത് കമ്മറ്റികളെയോ എല്‍പ്പിക്കാവുന്നതാണ്.

ഭക്ഷണസാധനങ്ങള്‍ക്കൊപ്പം കുടുംബങ്ങളിലെ മറ്റു രോഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും വാര്‍ഡ്തല സംഘങ്ങള്‍ അന്വേഷിച്ച് പരിഹരിക്കേണ്ടതാണ്.
ആദിവാസി മേഖലയിലെ കുടുംബങ്ങളുടെ വിവരങ്ങള്‍ പ്രമോട്ടര്‍മാര്‍ വഴി ശേഖരിക്കും.ഐടിഡിപ്പിക്കാണ് ചുമതല. ഈ മേഖലയിലെ കുടുംബങ്ങള്‍ക്കാവശ്യമായ കിറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഒരോ മേഖലയിലും കിറ്റുകളുടെയോ ഭക്ഷണങ്ങളുടെയോ വിതരണത്തിന് സ്വകാര്യമേഖലയിലെ വാഹനങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകും. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: