രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ; അറിയേണ്ടതെല്ലാം

പ്രധാനമന്ത്രിയുടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ നടപടിക്രമങ്ങളുടെ ഉത്തരവിറക്കി കേന്ദ്രആഭ്യന്തരമന്ത്രാലയം. കർഫ്യുവിന് സമാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സഞ്ചാരം തടയുക മാത്രമാണ് ലോക്ഡൗണിന്റെ ലക്ഷ്യം. അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്നും അമിതമായി വാങ്ങിക്കൂട്ടേണ്ടെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. ആശുപത്രിയും ആരോഗ്യ അനുബന്ധ സേവനങ്ങൾക്കും മുൻഗണന.

സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോഴും ഭക്ഷ്യവിതരണവും അവശ്യ സേവനങ്ങളും ജനങ്ങൾക്ക് ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. എങ്കിലും ഇതിന്റെ ഹോംഡെലിവറി ജില്ലാ അധികാരികൾ പ്രോത്സാഹിപ്പിക്കും. ബാങ്ക്, എ.ടി.എം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. പെട്രോൾ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായ ശാലകൾക്ക് തുറക്കാം. വ്യോമ, റെയിൽ ,റോഡ് ഗതാഗതം ഉണ്ടാകില്ല. അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക് ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകൾ ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമില്ല. സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല.

പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകൾ, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങൾ ഒഴികെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യർ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും.

∙കര്‍ഫ്യൂവിന് തുല്യം

∙’ജനതാ കര്‍ഫ്യൂ’ പോലെ 21 ദിവസം

∙സംസ്ഥാനാന്തര യാത്രക്ക് വിലക്ക്

∙സംസ്ഥാന അതിര്‍ത്തികള്‍ അടക്കും

∙എവിടെയാണോ ഉള്ളത് അവിടെ കഴിയുക

∙അവശ്യസാധനങ്ങളുടെ ലഭ്യത മാത്രം

∙വീടിന് പുറത്തിറങ്ങരുത്

∙നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാം

∙സംസ്ഥാനം നടപ്പാക്കിയ നിയന്ത്രണങ്ങളേക്കാള്‍ തീവ്രം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: