ലോക്ക് ഡൗൺ : മാഹിപാലം അടച്ചു

ന്യൂമാഹി: കൊറോണ വ്യാപനത്തിനെതിരേ കേരള സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി കണ്ണൂർ ജില്ലയുമായും മയ്യഴിയുമായും അതിർത്തി പങ്കിടുന്ന ന്യൂമാഹി ടൗണിൽ മാഹി പാലം തിങ്കളാഴ്ച രാത്രി ഒൻപതോടെ അടച്ചു.

മയ്യഴിയുടെ കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന പൂഴിത്തലയും അടച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ പോലീസ് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ച് റോഡ് ഭാഗികമായി അടച്ച ശേഷം വാഹനപരിശോധന തുടങ്ങിയിരുന്നു.

റോഡ് അടച്ചതറിയാതെ എത്തിയ വാഹനങ്ങൾ ഏറെയും രാത്രി മാഹി പാലത്തിൽ കുടുങ്ങി. ഇരുചക്രവാഹനങ്ങൾ കുറച്ച് കഴിഞ്ഞും മറ്റ് വാഹനങ്ങൾ മണിക്കൂറുകൾക്ക് ശേഷവുമാണ് വിട്ടത്.

അവശ്യസർവീസുകൾ, രോഗികൾ, സർക്കാർ ജീവനക്കാർ, ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം നടത്തുന്നവർ തുടങ്ങിയ വാഹനങ്ങളെ വിട്ടയക്കുന്നുണ്ട്. അത്യാവശ്യമില്ലാതെ ചുറ്റിക്കറങ്ങുന്നവർ പോലീസ് പിടിയിലാകുന്നുണ്ട്. ചൊവ്വാഴ്ച ഒരാളുടെ പേരിൽ ന്യൂമാഹി പോലീസ് കേസെടുത്തു. ജോലികഴിഞ്ഞ് വരികയായിരുന്ന മാഹിയിലെ വിവിധ വകുപ്പ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും, തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ദീർഘനേരം തടഞ്ഞിട്ടതായി ജീവനക്കാരുടെ സംഘടന സി.എസ്.ഒ. സെക്രട്ടറി കെ.ഹരീന്ദ്രൻ ആരോപിച്ചു. അതിർത്തികൾ അടച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകൾ മുടങ്ങും. തലശ്ശേരി ഡിവൈ.എസ്.പി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മാഹി പാലത്തിൽ പോലീസ് പരിശോധന നടത്തുന്നത്.

പൂഴിത്തലയിൽ ചോമ്പാല പോലീസിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: