ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

ശബരിമല യുവതീ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈകോടതി നടപടിയിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഹരജികള്‍ പിന്‍വലിച്ചു.
മണ്ഡലകാല സമയത്തെ നിരോധനാ‍ജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തും യുവതി പ്രവേശനത്തെ എതിര്‍ത്തും മുപ്പത്തിരണ്ടില്‍പ്പരം ഹരജികളാണ് കേരളാ ഹൈക്കോടതിയില്‍ ഉള്ളത്. ഇവ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. ഡിസംബര്‍ മൂന്നിന് സമര്‍പ്പിച്ച ഹരജി മൂന്നുമാസത്തിന് ശേഷമാണ് സുപ്രിം കോടതി പരിഗണിച്ചത്. ഇതിനിടെ ഭൂരിഭാഗം ഹരജികളും ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.
ഒമ്പത് ഹരജികള്‍ മാത്രമാണ് ഇനി ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്നത്. എന്നാല്‍, മണ്ഡല കാലം അവസാനിച്ചതിനാല്‍ ഇവയില്‍ മിക്ക ഹരജികളുടെയും ആവശ്യം കാലഹരണപ്പെട്ടുവെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഹാജരായത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണെന്നും ആ സാഹചര്യത്തിൽ ഹൈക്കോടതി ഈ ഹർജികൾ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാനസർക്കാരിന്‍റെ വാദം.
എന്നാൽ ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തിൽ ഇടപെടാനില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനസർക്കാരിന് വേണമെങ്കിൽ ഈ വാദം ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ വാദം ഇന്ന് സുപ്രീംകോടതിയിൽ നടന്നിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: