അതിജീവന അനുഭവങ്ങള്‍ പങ്കിട്ട് ബിരിയാണിയും വാസന്തിയും

കാലൈഡോസ്കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയും, റഹ്മാന് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയും പ്രേക്ഷക പ്രീതി നേടി.
തീരദേശത്തെ ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിതം പറയുന്ന ബിരിയാണി അന്താരാഷ്ട്ര ഫിലിം ഫെറ്റിവലുകളില് മികച്ച ചിത്രത്തിനുള്ള പുരസ്രങ്ങള് നേടിയ ചിത്രമാണ്. വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടേണ്ടി വരുന്ന ഖദീജയെന്ന മുസ്ലിം സ്ത്രീയുടെ വിമോചന മോഹങ്ങളുടെ കഥയാണ് ബിരിയാണി, മാംസത്തിന്റെ രുചിഭേദങ്ങള്‍ എന്ന സിനിമ പറയുന്നത്.
ജീവിതത്തിലെ അപ്രതീക്ഷിത കാര്യങ്ങള്‍ മൂലം ഖദീജയ്ക്കും ഉമ്മയ്ക്കും നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുന്നു. സാമ്പത്തികമായും ലൈംഗികമായും വിമോചനം നേടാനായി ഖദീജ ലൈംഗിക തൊഴിലാളിയായി മാറുന്നു. എന്നാല്‍ മറ്റൊരു വാതില്‍ അവള്‍ക്ക് മുന്നില്‍ തുറന്നപ്പോള്‍ മനസമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാന്‍ അവള് തീരുമാനിക്കുയാണ്.
നാടക നടിയായ വാസന്തിയുടെ ജീവിതം ഒരു നാടകത്തിലൂടെ അവതരിപ്പിക്കുകയാണ് വാസന്തി എന്ന സിനിമ. വാസന്തിയുടെ ചെറുപ്പം തൊട്ടുള്ള കാര്യങ്ങള്‍ മുതല്‍ അവളുടെ ജീവിതത്തിലെ പുരുഷന്മാരുമെല്ലാം വാസന്തിയുടെ വിവരണത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. സിനിമയും നാടകവും ഇഴചേര്‍ന്ന കാഴ്ചാനുഭവമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.