ഡൽഹിയിൽ മരണം 11; പരിക്കേറ്റവർ 160ലേറെ, നിരവധി പേർക്ക് ഗുരുതരം, അക്രമികൾ നടത്തുന്നത് വന്‍ കലാപം, പള്ളികളും വീടുകളും അഗ്നിക്കിരയാക്കുന്നു, പൊലീസ് കയ്യും കെട്ടി നോക്കി നില്ക്കുന്നു

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അക്രമികൾ അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ 11ആയി ഉയര്‍ന്നു.
160ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. തിങ്കളാഴ്ച പൊലീസ് ഹെഡ്കോൺസ്റ്റബിൾ അടക്കം അഞ്ചു പേർ അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ ആറ് പേരാണ് ചൊവ്വാഴ്ച മരിച്ചത്. മേഖലയിൽ 70ലധികം പേർക്ക് വെടിയേറ്റിട്ടുണ്ട്. പലയിടത്തും വ്യാപക സംഘർഷം തുടരുകയാണ്. നൂറുകണക്കിന് വാഹനങ്ങളും കടകളും തീയിട്ടു. വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയുമാണ്
അതേസമയം സംഘര്‍ഷം രാജ്യതലസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചു മെട്രോ സ്റ്റേഷനുകള്‍ അടച്ചു.
ജാഫ്രാബാദ്, ഗോകുല്‍പുരി, ഭജന്‍പുര എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ആയുധങ്ങളുമേന്തി അക്രമികള്‍ തെരുവുകള്‍ കയ്യേറിയപ്പോള്‍, പലയിടത്തും പൊലീസ് സന്നാഹമില്ല. കര്‍ദംപുരിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പുണ്ടായി.
കബീര്‍ നഗര്‍, മൗജ്പൂര്, ബ്രഹ്മപുരി എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് നടക്കുന്നത്. ക്യാമറകള്‍ തല്ലി തകര്‍ക്കുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അക്രമം ഭയന്ന് പല പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വീടൊഴിഞ്ഞ് പോവുകയാണ്. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തി.
കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ സേനയെ രംഗത്തിറക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. നേരത്തെ, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിയെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ കെജരിവാള്‍ സന്ദര്‍ശിച്ചു
സംഘപരിവാര്‍ നടത്തുന്നത് വന്‍ കലാപം, പള്ളികളും വീടുകളും അഗ്നിക്കിരയാക്കുന്നു, പൊലീസ് കയ്യും കെട്ടി നോക്കി നില്ക്കുന്നു
ഏഷ്യാനെറ്റ് ദല്‍ഹി റിപ്പോര്‍ട്ടര്‍
ഡല്‍ഹിയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന കലാപത്തിന്റെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടി ഏഷ്യാനെറ്റ് ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര് സുനില്‍. സംഘപരിവാര്‍ അക്രമിസംഘം ഡല്‍ഹിയില്‍ വന്‍ കലാപം നടത്തുകയാണെന്നും പള്ളികളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റ് ലൈവില്‍ വിശദീകരിച്ചു.
എല്ലാം കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് പൊലീസ്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും അക്രമികള്‍ വെറുതെ വിടുന്നില്ല. ഡല്‍ഹിയിലെ സംഭവങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് പല മാധ്യമപ്രവര്‍ത്തകരുടെയും ലൈവ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
അക്രമികള്‍ പൊലീസിന് മുന്നിലൂടെ ആയുധങ്ങളുമേന്തി പള്ളി കത്തിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ലേഖകന്‍ പി ആര് സുനില്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളി കത്തിച്ച ശേഷം അവിടെനിന്ന് വെടിയൊച്ചയും കേട്ടു. പല അക്രമ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാനാകാത്ത സ്ഥിതിയാണെന്നും അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചുവെന്നും സുനില്‍ പറഞ്ഞു.
’16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലുണ്ട്. എന്നാലിതുവരെ ഇത്തരമൊരു കലാപം ഞാന്‍ ഇവിടെ കണ്ടിട്ടില്ല. മുന്‍പ് പലപ്പോഴും അക്രമങ്ങളുണ്ടാകുമ്പോള്‍ പൊലീസ് എത്തി നിയന്ത്രിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ആസൂത്രിതമായ സംഘടിതമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് തോക്കും കമ്പിയുമായി അക്രമികള്‍ പോകുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്. അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ കണ്ടത്. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന ശേഷമാണ് ഫയര്‍ എഞ്ചിന് എത്തിയത് തന്നെ.
അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാല്‍ കല്ലെറിയും. മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ പോലും പലരെയും അനുവദിക്കുന്നില്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. വലിയ ഗുണ്ടാ സംഘങ്ങള്‍ കൂട്ടത്തോടെ വന്ന് പള്ളികള്‍ ആക്രമിക്കുന്നു. അവരുടെ കയ്യില്‍ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാന്‍ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല. 84ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്.’- സുനില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ലൈവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.