നവകേരളം: നിർമ്മിതിയിലെ നവീന സാങ്കേതിക വിദ്യകൾ’ സെമിനാർ, അതിവേഗം ഹരിത നിർമ്മിതിക്കായി ജി എഫ് ആർ ജി

പ്രളയാനന്തര കേരളത്തിൽ വീട് നിർമ്മാണത്തിന് പുതിയ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ള ഹരിത നിർമ്മാണ രീതികൾ ചർച്ച ചെയ്ത് സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നവകേരളം: നിർമ്മിതിയിലെ നവീന സാങ്കേതിക വിദ്യകൾ’ സെമിനാർ. ചെന്നൈ ഐ.ഐ.ടി ഗവേഷകൻ ഡോ. ഷിന്റോ പോൾ അവതരിപ്പിച്ച ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് ജിപ്‌സം (ജി എഫ് ആർ ജി) പാനലുകൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ വീട് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ശ്രദ്ധേയമായി. വളം വ്യവസായത്തിലെ ഉപോൽപ്പന്നമായ ജിപ്‌സത്തിൽ ഗ്ലാസ് ഫൈബറുകൾ ചേർത്തുണ്ടാക്കുന്ന ജി.എഫ്്.ആർ.ജി പാനലുകൾ കോൺക്രീറ്റ് കൊണ്ട് ബലപ്പെടുത്തി കെട്ടിടങ്ങളുടെ ചുമരുകൾ മാത്രമല്ല, മേൽക്കൂരയും ഗോവണിയും വരെ നിർമ്മിക്കാൻ കഴിയുന്നു. സാധാരണ കോൺക്രീറ്റിന്റെ ഇരട്ടിയാണിതിന്റെ ബലം. അടിത്തറ സാധാരണ രീതിയിൽ കോൺക്രീറ്റ് ചെയ്ത് അതിനു മുകളിലാണ് പാനലുകൾ കമ്പിയിൽ ഘടിപ്പിച്ച് കോൺക്രീറ്റ് കൊണ്ട് ബലപ്പെടുത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിൽ ഷിന്റോ പോളിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലൂടെയാണ് ജി.എഫ്.ആർ.ജി പാനലുകൾ കോൺക്രീറ്റ് ഉപയോഗിച്ച് വികസിപ്പിച്ച് കെട്ടിട നിർമ്മാണത്തിന് പര്യാപ്തമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. 

നിർമ്മാണത്തിലെ അതിവേഗവും തൊഴിലാളികളെ ഏറ്റവും കുറച്ച് ഉപയോഗപ്പെടുത്തിയാൽ മതിയെന്നതുമാണ് ജി.എഫ്.ആർ.ജി നിർമ്മിതിയിലെ ഒരു നേട്ടം. ചുമരുകൾക്ക് കനം കുറവായതിനാൽ നിലത്തിന്റെ വിസ്തീർണം കൂടും. സിമൻറ്, മണൽ, സ്റ്റീൽ, വെള്ളം എന്നിവയുടെ ഉപയോഗം ഏറെ കുറയുമെന്നതുകൊണ്ട് പ്രകൃതി വിഭവ ചൂഷണം കുറയുന്നു. ഫാക്ടറിയിൽ നിർമ്മിച്ച പാനലുകളുടെ മികച്ച ഫിനിഷിംഗ് കാരണം സിമൻറ് തേക്കേണ്ട ആവശ്യമില്ല. കെട്ടിടത്തിന്റെ ഭാരം വളരെ കുറവാണെന്നതിനാൽ ഭൂമി കുലുക്കം പോലുള്ള പ്രകൃതി ക്ഷോഭങ്ങളിൽ നാശനഷ്ടം കുറയും. വലിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ചെലവ് കുറയും. വെള്ളത്തിനോടും തീയിനോടും പ്രതിരോധം കാണിക്കുന്നതാണ് ജി.എഫ്.ആർ.ജിയെന്ന് പരീക്ഷണങ്ങൾ കാണിക്കുന്നതായി യു.എൽ.സി.സി.എസ് ലിമിറ്റഡിന്റെ സ്ട്രക്ചറൽ ഡിസൈൻ വിംഗ് തലവൻ കൂടിയായ ഷിന്റോ പോൾ വ്യക്തമാക്കി. ജി.എഫ്.ആർ.ജി നിർമ്മാണത്തിൽ പദ്ധതിക്ക് മുമ്പായുള്ള ആസൂത്രണം പരമ പ്രധാനമാണ്. പത്ത് നില വീടുകൾ വരെ ജി.എഫ്.ആർ.ജി പാനൽ ഉപയോഗിച്ച് ചെയ്യാൻ കഴിയും. കേരളത്തിൽ ജി.എഫ്.ആർ.ജി പാനൽ ഉപയോഗിച്ച് നിരവധി നിർമ്മിതികൾ ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ജി.എഫ്.ആർ.ജി പാനൽ ഉപയോഗിച്ച് ഏതാനും പ്രവൃത്തികൾ ആസൂത്രണ ഘട്ടത്തിലാണ്. കൊച്ചിയിലെ ഫാക്ടിന് കീഴിലെ എഫ്.ആർ.ബി.എൽ ആണ് ഇന്ത്യയിലെ തന്നെ ജി.എഫ്്.ആർ.ബി പാനലിന്റെ നിർമ്മാതാക്കൾ. കൂടാതെ, പ്രീ കാസ്റ്റ് കോൺക്രീറ്റ് ബിൽഡിംഗ്‌സ്, എക്‌സ്പാൻഡഡ് പോളിസ്‌റ്റെറീൻ കോർപാനൽ സിസ്റ്റം, അലുമിനിയം ഫ്രെയിം വർക്ക് സിസ്റ്റം തുടങ്ങീയ പ്രീ കാസ്റ്റിംഗ് നിർമ്മാണ രീതികളും സെമിനാറിൽ ചർച്ച ചെയ്തു.

പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണത്തിൽ ആധുനിക കാലത്തിന് അനുസൃതമായ മാറ്റം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച പി.കെ. ശ്രീമതി ടീച്ചർ എം.പി പറഞ്ഞു. പ്രായോഗികമായ രീതിയിൽ ഇച്ഛാശക്തിയോടെ കാര്യങ്ങൾ നിർവഹിക്കാൻ, നാട് കെട്ടിപ്പടുക്കുന്ന ശിൽപികളായ എൻജിനീയർമാർ ശ്രമിക്കണമെന്നും എം.പി പറഞ്ഞു. നവീനമായ ആശയങ്ങൾക്ക് ജനകീയമായ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് പ്രീ കാസ്റ്റിംഗ് നിർമ്മാണ രീതികളെ പരാമർശിച്ച് അധ്യക്ഷൻ ജയിംസ് മാത്യു എം.എൽ.എ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ ജി.എഫ്.ആർ.ജി പാനൽ ഉപയോഗിച്ച് നിർമ്മാണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എൻജിനീയർമാരായ കെ. ജിഷാകുമാരി, എം. ജഗദീഷ് എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ. ശോഭ സ്വാഗതവും എൽ.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എൻജിനീയർ കെ.എൻ. ബിജോയ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: