ലഹരിക്കെതിരെ
യുവത ആടി തിമിർത്ത
ലഹരിയില്ലാ തെരുവ്

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവത്കരണം സമാപനത്തിന്റെ ഭാഗമായുള്ള ‘ലഹരിയില്ലാ തെരുവ്’ നാട് നിറയുന്ന ലഹരി വിരുദ്ധ സന്ദേശത്തിന്റെ വിളംബരമായി. നാളെയുടെ സ്വപ്നങ്ങളുമായി യുവത കണ്ണൂർ നഗരത്തിന്റെ ഓരത്ത് നിറഞ്ഞാടി. ലഹരി വിരുദ്ധ സന്ദേശങ്ങൾ കോർത്തിണക്കി അരങ്ങേറിയ ഫ്ലാഷ് മോബ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ തടിച്ചു കൂടിയ കാണികളുടെ നിറഞ്ഞ കയ്യടി നേടി. ലഹരിക്കെണിയിൽ നഷ്ടമായ മകനെ തേടി അലയുന്ന പിതാവായി രാഗേഷ് പി സി മുതുകുറ്റി അവതരിപ്പിച്ച എകാംഗ ലഘു നാടകം കാഴ്ചക്കാരെ വിസ്മയിപ്പിച്ച് കണ്ണീരിന്റെ നനവ് പടർത്തി. തെരുവ് നാടകവും കളരിപ്പയറ്റും അരങ്ങേറി.
ലഹരിയില്ലാ തെരുവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം പി രാജേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പ്രേംകൃഷ്ണ, വിമുക്തി മിഷൻ മാനേജർ പി എൽ ജോസ്, രാഗേഷ് എന്നിവർ സംസാരിച്ചു.