കൂത്തുപറമ്പ് സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചു ഗാമങ്ങളിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി

ഗ്രാമങ്ങളിലെ കായിക സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നവീകരിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക രംഗത്തെ മികവിലൂടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി കായിക രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കായിക വകുപ്പില്‍ അമ്പതോളം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു കായിക താരങ്ങള്‍ക്ക് ജോലി കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയില്‍ നിന്നും ലഭിച്ച 5.34 കോടി രൂപ ചെലവില്‍ കായിക വകുപ്പിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുല്‍ത്തകിടിയും സ്പ്രിംക്ലര്‍ സംവിധാനത്തോട് കൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫ്‌ളഡ്ലൈറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയ്ക്ക് പുറമേ കളിക്കാര്‍ക്കുള്ള ഡ്രസിങ്ങ് റൂം, വിശ്രമമുറി, 1200ഓളം പേര്‍ക്ക് ഇരിക്കാവുന്ന പവലിയന്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത ടീച്ചര്‍, ഉപാധ്യക്ഷന്‍ വി രാമകൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍, ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക, സന്തോഷ് ട്രോഫി കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി മിഥുന്‍, കായിക യുവജന ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ കെ വിനീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പ്രദര്‍ശന മത്സരങ്ങളും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: