വിദ്യാർഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കളമശേരിയിൽ ലഹരി ഉപയോഗിച്ചത് വീടുകളിൽ അറിയിച്ചതിന് വിദ്യാർഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ. ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് മരിച്ചത്. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്.
അക്രമികളുടെ സംഘത്തിൽ പ്രായപൂർത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസിൽ താഴെയുള്ളവരുമായിരുന്നു. അതുകൊണ്ടു തന്നെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മരിച്ച നിഖിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സംഘത്തിലെ മുതിർന്ന അംഗമായ അഖിൽ വർഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.
കളമശേരിയിൽ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മർദനമേറ്റത്. കുട്ടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും അക്രമി സംഘങ്ങളിൽ ഒരാൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്. പുഴത്തീരത്ത് ആൾത്താമസമില്ലാത്ത വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഇവർ നൽകിയ ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്യാതിരുന്നപ്പോൾ വായിൽ കുത്തിത്തിരുകുകയും ചെയ്തു. അതിനും അനുവദിക്കാതിരുന്നതോടെയായിരുന്നു മർദനം. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി ഇരുത്തി മർദിക്കുന്നതുമെല്ലാം വിഡിയോയിലൂടെ പുറത്തു വന്നിരുന്നു.
അക്രമി സംഘം പകർത്തിയ ദൃശ്യങ്ങൾ ആദ്യം ഡിലീറ്റ് ചെയ്തെങ്കിലും മർദനത്തിന് ഇരയായ കുട്ടിയുടെ സഹോദരൻ അത് വീണ്ടെടുത്തതോടെയാണു പുറംലോകം കാര്യങ്ങൾ അറിയുന്നത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ 17കാരൻ ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: