പ്രമേഹരോഗികൾക്ക് ആശ്വാസമായി സൗജന്യ ഗ്ലൂക്കോമീറ്റർ; വയോമധുരം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

സാമൂഹ്യനീതി വകുപ്പ് മുഖേന ബി പി എൽ വിഭാഗത്തിലെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിത സാഹചര്യവും ഭക്ഷണരീതികളും വർധിച്ചുവരുന്ന പ്രമേഹരോഗത്തിന് കാരണമാകുന്നുണ്ടെന്നും, വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  വിഭാഗത്തിലെ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്ററും സ്ട്രിപ്സും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. പദ്ധതിയിലൂടെ ജില്ലയിൽ 1000 പേർക്ക് നടപ്പ് സാമ്പത്തിക വർഷം സൗജന്യ ഗ്ലൂക്കോമീറ്ററും സ്ട്രിപ്സും വിതരണം ചെയ്യും. സാമൂഹ്യനീതി വകുപ്പ് വഴി തെരഞ്ഞെടുക്കപ്പെട്ട 400 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് പിന്നീട് നൽകും. വയോജനങ്ങൾക്ക് സ്വന്തമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനും യഥാസമയം ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കും

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോ. സജേഷ് ചന്ദ്രൻ, ഡോ. സച്ചിൻ, കെ പ്രമോദ് എന്നിവർ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ രാജീവൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ശോഭ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് പിപി നാരായണൻ, ജില്ലാ വയോജന കമ്മിറ്റി അംഗം എ പി പ്രസാദ്, സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരൻ, എൽഡേർസ് ഫോറം പ്രസിഡണ്ട് കെ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: