യുവാക്കൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന്  വിട്ടുനിൽക്കരുത്: പി.വി. മനേഷ്  

യുവാക്കൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് വിട്ട് നിൽക്കുന്നത് തിരുത്തണമെന്ന് ശൗര്യചക്ര ജേതാവും ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണുമായ എൻഎസ്ജി കമാന്റോ പി വി മനേഷ് പറഞ്ഞു. ‘വോട്ടറാകുന്നതിൽ അഭിമാനിക്കൂ; വോട്ട് ചെയ്യാൻ തയ്യാറെടുക്കൂ’ എന്ന സന്ദേശമുയർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ച സമ്മതിദായകരുടെ ദേശീയ ദിനാഘോഷം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതലായും ഇന്ന് സമ്മതിദാന അവകാശം നിർവഹിക്കുന്നത് മുതിർന്ന പൗരൻമാരാണ്. വിവിധ അവകാശങ്ങൾക്കായി നവമാധ്യമങ്ങൾ വഴി പോരാടുന്ന യുവാക്കൾ തന്നിൽ അർപ്പിതമായ അവകാശവും അധികാരവും വിനിയോഗിക്കാൻ മുന്നോട്ട് വരണം. സൈനികർക്ക് ശത്രുക്കളെ തുരത്താൻ ഒരു വെടിയുണ്ട മതി. അങ്ങനെയുള്ള ഓരോ വെടിയുണ്ടകളുമാണ് രാജ്യത്തിന്റെ സുരക്ഷ. അതുപോലെ ജനങ്ങൾക്ക് ലഭിക്കുന്ന ബുള്ളറ്റാണ് വോട്ടവകാശമെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ കലക്ടർ മീർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ പ്രക്രിയ നിരവധി വ്യക്തികളുടെ ജീവന്റെയും ത്യാഗത്തിന്റെയും ഫലമാണെന്ന് കലക്ടർ പറഞ്ഞു. അത് പൂർണ്ണതോതിൽ ഉൾക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാവരും മുന്നോട്ട് വരണം. ജനസംഖ്യയുടെ ചെറിയ ശതമാനം മാത്രം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുകയും മറ്റുള്ളവർ മാറി നിൽക്കുകയും ചെയ്യുന്ന പ്രവണത മാറണം. ചെറിയ ഒരാൾക്കൂട്ടത്തിന് വരെ നമ്മളെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള കഴിവുണ്ട്. അത് കൊണ്ട് നമ്മുടെ നാട് സംരക്ഷിക്കേണ്ടവരെ വിവേകപൂർവ്വം തെരെഞ്ഞെടുക്കാനുള്ള പ്രകിയയിൽ എല്ലാവരും പങ്കാളികളാവമെന്നും അദ്ദേഹം പറഞ്ഞു. 

സമ്മതിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന, ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം, കോളേജുകളിൽ ഇലക്ടറൽ റോൾ അംബാസഡർമാരായി പ്രവർത്തിച്ചവർക്കുള്ള പ്രശംസാ പത്രം, മികച്ച പ്രവർത്തനം കാഴ്ചവച്ച ബി എൽ ഒ മാർ സെക്ടറൽ ഓഫീസർമാർ, ഇലക്ടറൽ റോൾ അംബാസഡർമാർ എന്നിവർക്കുള്ള അവാർഡ് ദാനം എന്നിവയും നടന്നു.

എൽ ആർ ഡെപ്യൂട്ടി കലക്ടർ സി എം ഗോപിനാഥൻ സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പോലീസ് മേധാവി ജി ശിവ വിക്രം, എ എസ് പി ട്രെയിനി ആനന്ദ് ഡെപ്യൂട്ടി കലക്ടർമാരായ പുരുഷോത്തമൻ, ജെസ്സി ജോൺ, കെ കെ അനിൽകുമാർ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗ്ഗീസ്, ജില്ലാ  ഫിനാൻസ് ഓഫീസർ കെ പി മനോജൻ, ഹുസൂർ ശിരസ്തദാർ പി വി അശോകൻ എന്നിവർ സംസാരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി പി ജയരാജൻ സ്വാഗതവും കണ്ണൂർ തഹസിൽദാർ വി എം സജീവൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: