ജനപക്ഷ മാധ്യമപ്രവർത്തനം  സാഹസികമായി-കെ വി സുമേഷ്

0

ഭരണഘടനാപരമായ സംവിധാനം ഉപയോഗിച്ച് വർഗീയത നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്ന ഇക്കാലത്ത് ജനപക്ഷമാധ്യമ പ്രവർത്തനം സാഹസികമായി മാറിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ് പറഞ്ഞു. ഗൗരിലങ്കേഷിന്റെ കൊലപാതകം അതാണ് കാണിച്ചുതന്നത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂരിൽ സംഘടിപ്പിച്ച യുവമാധ്യമ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതൽ. കേരളത്തിൽ പോലും മതേതര ബോധത്തെ തകർക്കാനുള്ള നീക്കമാണ് നടന്നത്.  ശബരിമല കാലത്ത് കേരളത്തിന്റെ മാധ്യമപ്രവർത്തകർ കടുത്ത വെല്ലുവിളി അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു.

‘വർഗീയ ധ്രുവീകരണ കാലത്തെ മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ സനീഷ് ഇളയടത്ത് മുഖ്യപ്രഭാഷണം നടത്തി. സൂക്ഷ്മതലത്തിലുള്ള ഡാറ്റ ജേണലിസത്തിലേക്ക് മാധ്യമലോകം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ദൃശ്യമാധ്യമം എന്നോ സാമൂഹ്യമാധ്യമം എന്നോ വേർതിരിവില്ല. ജേണലിസത്തിന്റെ അതിരുകൾ മാഞ്ഞുപോവുകയാണ്. സത്യത്തെ അടയാളപ്പെടുത്തുന്ന മാധ്യമപ്രവർത്തകർ നിലനിൽക്കും. വർഗീയമായി വിഭജിക്കപ്പെട്ട സമൂഹമായി കേരളം മാറിയിട്ടില്ല. ശബരിമല വിഷയം മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് വീണ്ടും പഠിക്കാൻ പ്രേരണ നൽകിയതായും അദ്ദേഹം പറഞ്ഞു. നിഷാന്ത് മാവില വീട്ടിൽ, കെ ടി ശശി എന്നിവരും ക്ലാസെടുത്തു. 

യുവജനക്ഷേമ ബോർഡ് അംഗം ബിജു കണ്ടക്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading