പ്രതിഷേധം തണുപ്പിക്കാനായി തന്ത്രങ്ങള്‍ മാറ്റി ബി.ജെ.പി

പൗരത്വനിയമഭേദഗതിക്കും പൗരത്വപ്പട്ടികയ്ക്കും നേരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനായി തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ച്‌ ബി.ജെ.പി. പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ കടുത്ത നിലപാട് തത്‌കാലം മാറ്റിവെച്ച്‌, പൗരത്വപ്പട്ടികയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്ന സമീപനം പ്രധാനമന്ത്രി അവതരിപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണ്. സര്‍ക്കാരിന്റെ നിലപാടിനെതിരേ എന്‍.ഡി.എ.യ്ക്കുള്ളില്‍ ഉയരുന്ന എതിര്‍പ്പും വരാനിരിക്കുന്ന ഡല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുമൊക്കെ ഇതിനു കാരണങ്ങളാണ്.പൗരത്വനിയമത്തിനുപിന്നാലെ പൗരത്വപ്പട്ടികയും നടപ്പാക്കുമെന്ന ഉറച്ചതീരുമാനമാണ് ബി.ജെ.പി. ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കഴിഞ്ഞ ഒരുമാസമായി വിവിധ പൊതുവേദികളില്‍ ആവര്‍ത്തിച്ചിരുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കാര്യം പ്രചാരണ വിഷയമായതാണ്. പൗരത്വനിയമത്തെ നേട്ടമായി ചിത്രീകരിച്ചുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഗുണംചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.എന്നാല്‍, പൗരത്വനിയമത്തിനെതിരെയും പട്ടികയ്ക്കെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍ പാളി. കടുത്ത നിലപാട് മാറ്റിവെക്കേണ്ടത് താത്‌കാലികമായെങ്കിലും ആവശ്യമാണെന്ന തിരിച്ചറിവിലേക്ക്‌ നേതൃത്വമെത്തി. സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിച്ച്‌ എന്‍.ഡി.എ. ഘടകകക്ഷികളായ അസം ഗണപരിഷത്ത്, ജെ.ഡി.യു., അകാലിദള്‍ എന്നിവ രംഗത്തെത്തിയതും ബി.ജെ.പി.ക്ക് ക്ഷീണമായി.അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കേണ്ട ബിഹാറിലും ഡല്‍ഹിയിലും പൗരത്വനിയമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മുസ്‍ലിംവോട്ടുകള്‍ നിര്‍ണായകമായ ബിഹാറില്‍ ജെ.ഡി.യു. ഇതോടെ പ്രതിസന്ധിയിലായി. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ജെ.ഡി.യു.വിനെ തുറന്നുകാട്ടാന്‍ ആര്‍.ജെ.ഡി. ഈ അവസരം ഉപയോഗിച്ചു. പാര്‍ട്ടിക്കുള്ളില്‍ ചില മുതിര്‍ന്നനേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയതോടെ നിതീഷ് പൗരത്വപ്പട്ടികയെ തള്ളിപ്പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: