തലശേരി ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിന്റെ കൊടും ക്രിമിനലുകള്‍: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

സിപിഎം ലഹരിമാഫിയ കൂട്ടുകെട്ടിനെതിരേ ജനകീയ കൂട്ടായ്മ (വെള്ളി)തലശേരിയില്‍

തലശേരി: തലശേരിയില്‍ രണ്ടു പേരെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സിപിഎമ്മിന്റെ കൊടുംക്രിമിനലുകളാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സി.പി.എം ഭരണത്തില്‍ പൊലീസിനെ നോക്കുകുത്തിയാക്കി ലഹരിമാഫിയ സംഘം തഴച്ചുവളരുന്നതിന്റെ തെളിവാണ് തലശ്ശേരി സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെട്ടൂര്‍ ഇല്ലിക്കുന്നിലെ ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദിനെയും സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീറിനെയും ആസൂത്രിതമായി വെട്ടിക്കൊന്നത്.തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തി പൊലീസ് പുറത്ത് കൊണ്ടുവരണം. പരിചയ സമ്പത്തുള്ള കൊലയാളികളാണ് നിഷ്ഠൂര കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാണ്. പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളാവാതെ യഥാര്‍ഥ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കണം.
കേരളം ഭരിക്കുന്ന പാര്‍ട്ടി തന്നെ ലഹരി മാഫിയകള്‍ക്ക് തണലൊരുക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്
ലഹരി മാഫിയക്ക് പിന്തുണ കൊടുക്കുന്ന സമീപനം സി.പി.എം സ്വീകരിക്കരുത്. സി.പി.എം നേതാക്കള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനം പൊലീസിന്റെ ഭാഗത്തും പാടില്ല.
ഭരണത്തിന്റെ തണലിലാണ് തലശേരിയില്‍ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്നു കച്ചവടമടക്കം നിര്‍ബാധം തുടരുന്നത്. ലഹരിവ്യാപനത്തിനെതിരേ ജാഗ്രതയെന്നും പറഞ്ഞ് ഒരു ഭാഗത്ത് ബോധവത്കരണം സര്‍ക്കാര്‍ ചെലവില്‍ പൊടിപൊടിക്കുമ്പോള്‍ മറുഭാഗത്ത് ഭരണകക്ഷി തന്നെ ലഹരിമാഫിയയെ വളര്‍ത്തുകയാണ്. തലശേരിയില്‍ ആളുകള്‍ കാണ്‍കെ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തുകയും ഒരാളെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഘം സിപിഎമ്മിന്റെ പരിശീലനം ലഭിച്ച കൊലയാളികളാണ്. തലശേരി പോലുള്ള ഒരു പ്രദേശത്ത് ഈ ക്രിമിനല്‍ സംഘം സ്വൈര്യ വിഹാരം നടത്തിയത് ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ്. പോലീസ് തങ്ങളെ ഒന്നും ചെയ്യില്ലെന്നും രക്ഷിക്കാന്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുണ്ടെന്നുമുള്ള ധാര്‍ഷ്ട്യത്തിലാണ് ഇവര്‍ തേര്‍വാഴ്ച നടത്തുന്നത്. ലഹരിമാഫിയക്കെതിരേ പ്രതികരിച്ചാല്‍ ഇതായിരിക്കും അനുഭവമെന്ന് ബോധ്യപ്പെടുത്താനാണ് ഇരട്ടക്കൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ കേവലം പ്രതിഷേധിച്ചതല്ലാതെ ഈ നിമിഷം വരെ കൊലയാളികളെ സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. സിപിഎമ്മുമായി ബന്ധമില്ലാത്തവരാണ് ഇവരെന്ന് പറയാന്‍ നേതൃത്വം അറച്ചു നില്‍ക്കുന്നതെന്തിനാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു.സിപിഎം ലഹരിമാഫിയാ കൂട്ടുകെട്ടിനെതിരേ വലിയ തോതിലുള്ള ജനകീയ പ്രതിഷേധം കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരും. ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ ഇന്ന് (വെള്ളി ) രാവിലെ 9.30 മുതല്‍ തലശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: