തലശ്ശേരി ഇരട്ട കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍, പ്രധാന പ്രതിക്കായി അന്വേഷണം ഊര്‍ജിതം

തലശ്ശേരി: തലശ്ശേരിയില്‍ ബന്ധുക്കളായ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തില്‍ പെട്ട ജാക്സണ്‍, നവീന്‍, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്.

കത്തിക്കുത്തില്‍ കൊടുവള്ളിയിലെ ഇല്ലിക്കുന്നില്‍ ത്രിവര്‍ണ്ണയില്‍ ഖാലിദ് ( 52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീര്‍ (48) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നെട്ടൂര്‍ സാറാസില്‍ ഷാനിബി(24) നെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഖാലിദ് തല്‍ക്ഷണവും ഷമീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെ തലശ്ശേരി സഹകരണ ആശുപത്രി കാന്റീന് സമീപമാണ് അക്രമമുണ്ടായത്.

കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഷമീറിന്റെ മകന്‍ ഷബിലിനെ ഒരുസംഘം മര്‍ദ്ദിച്ചിരുന്നു. സഹകരണ ആശുപത്രിയില്‍ ഷബീലിനെ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രശ്നം ഒതുക്കിത്തീര്‍ക്കാനെന്ന പേരിലാണ് പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം എത്തിയത്. സംസാരത്തിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഖാലിദ്, ഷാനിബ്, ഷമീര്‍ എന്നിവരെ ബാബു കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം പാറായി ബാബു മുങ്ങി. ബാബുവും ജാക്‌സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ് മരണമൊഴി നല്‍കിയിരുന്നു. ലഹരി വില്‍പന തടഞ്ഞതിനെ വിരോധം കൊണ്ടാണ് സംഘം ഇരുവരെയും ആക്രമിച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ അഡിഷണല്‍ എസ്.പി എ. വി.പ്രദീപ് ,തലശ്ശേരി എ.എസ്.പി നിതിന്‍ രാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഖാലിദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആമുക്ക പള്ളിയില്‍ ഇന്ന് കബറടക്കും.

മത്സ്യത്തൊഴിലാളിയായ ഖാലിദ് പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് .ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍ ,മരുമകന്‍: റമീസ് (പുന്നോല്‍ ). സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടൈലര്‍മാര്‍) ഫാബിത, ഷംസീന’

ഷമീര്‍ പരേതനായ ഹംസ-യിഷ ദമ്പതികളുടെ മകനാണ് .ഭാര്യ: ഷംഷീന ‘രണ്ട് മക്കളുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: