പച്ചക്കറിവില കുതിക്കുന്നു; സെഞ്ച്വറി കടന്ന് തക്കാളി, ഡബിള്‍ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ

കുടുംബ ബജറ്റ് താളം തെറ്റിച്ച് കേരളത്തില്‍ പച്ചക്കറിവില കുതിക്കുന്നു. തക്കാളി വില നൂറ് രൂപ പിന്നിട്ടപ്പോള്‍ ഇരുന്നൂറ് രൂപ പിന്നിട്ടിരിക്കുകയാണ് മുരിങ്ങക്കായ വില. കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 80 ശതമാനം വരുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് വിപണികളില്‍. മൂന്നാഴ്ചയ്ക്കിടെ മാത്രം 50 ശതമാനത്തോളമാണ് വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്.
തക്കാളി, വെണ്ട, പയര്‍ തുടങ്ങിയവയാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ളത്. രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് 200 രൂപയിലേക്ക് എത്തിയത്. വില നല്‍കിയാലും മതിയായ മുരിങ്ങക്കായ കിട്ടാനില്ലെന്ന നിലയാണ് മിക്കയിടത്ത് എന്നതും ശ്രദ്ധേയമാണ്.
മുളക്, വഴുതന, പടവലം, ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫഌര്‍, വെള്ളരി, ബീന്‍സ് എന്നിവയ്ക്ക് രണ്ടാഴ്ച മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 20 രൂപയിലധികമാണ് വര്‍ധിച്ചത്. തക്കാളിക്കു കിലോഗ്രാമിന് മൊത്ത വിപണിയില്‍ 80 മുതല്‍ 86 രൂപ വരെ വിലയുണ്ട്. ചില്ലറ വിപണിയിലെത്തുമ്പോള്‍ ഇത് 100 മുതല്‍ 120 രൂപ വരെയാകുന്ന നിലയാണുള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് കൂടുതലായി എത്തുന്ന വലിയ ഉള്ളിക്ക് നിലവില്‍ കാര്യമായ വില ഉയര്‍ന്നിട്ടില്ലെന്നതും ആശ്വാസമാണ്.

കനത്ത മഴയെ തുടര്‍ന്ന് കൃഷിയില്‍ ഉണ്ടായ നാശമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് സാഹചര്യം രൂക്ഷമാക്കിയത്. കാലം തെറ്റിയെത്തിയ കനത്തമഴ വലിയ തോതില്‍ വിളകള്‍ നശിക്കാന്‍ കാരണമായിട്ടുണ്ട്. വിളനാശമാണ് വിലക്കയറ്റത്തിന് കാരണം എന്നതിനാല്‍ ഈ സാഹചര്യം ഒരു മാസത്തേക്കെങ്കിലും തുടരുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, പലചരക്ക് സാധനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ വില ഉയര്‍ന്നിട്ടില്ലെന്നതാണ് ആശ്വാസം നല്‍കുന്ന വസ്തുത. പലചരക്ക് സാധനങ്ങള്‍ക്കും അരിക്കും കാര്യമായ വില വര്‍ധന രണ്ടാഴ്ചക്കുള്ളില്‍ ഉണ്ടായിട്ടില്ല. പഞ്ചസാര 40 രൂപ ഉണ്ടായിരുന്നത് 37 ആയി കുറഞ്ഞിട്ടുണ്ട്. അരി, മല്ലി, മുളക്, വെളിച്ചെണ്ണ, ആട്ട തുടങ്ങിയവയ്‌ക്കൊന്നും കാര്യമായ വിലവര്‍ധന ഇല്ലെന്നതും ആശ്വാസമാണ്. പച്ചക്കറി വില ഉയര്‍ന്നതോടെ ഹോട്ടലുകളിലെ വിഭവങ്ങളില്‍ നിന്നും തക്കാളി ഉള്‍പ്പെടെ പുറത്തുപോയ നിലയാണ്. സാമ്പാറുള്‍പ്പെടെയുള്ള കറികളിലെ പച്ചക്കറി സാന്നിധ്യവും അകന്ന് തുടങ്ങിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: