ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാനകൾ ; ആനകളെത്തിയത് ഇരിട്ടി പട്ടണത്തിന് നാല് കിലോമീറ്ററിനപ്പുറം

ഇരിട്ടി : ഒടുവിൽ ഇരിട്ടി പട്ടണത്തിന് സമീപവും കാട്ടാനകളെത്തി. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാമും കടന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് രണ്ട് കാട്ട് കൊമ്പന്മാർ ഇരിട്ടി പട്ടണത്തിൽ നിന്നും നാല് കിലോമീറ്ററപ്പുറം പായം മുക്കിലെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് പായംമുക്ക് കടവിന് സമീപം മുരിങ്ങൂർ ഭാഗത്ത് ആയഞ്ചേരി രാജന്റെ വീട്ടുപറമ്പിനോട് ചേർന്ന് രണ്ട് കാട്ടാനകളെ കാണുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. വനപാലകരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ട് കൊമ്പന്മാരെ ഫാമിന്റെ അധീന മേഖലയിലേക്ക് തിരിച്ച് കയറ്റാനായത്.
ആറളം, മുഴക്കുന്ന് പഞ്ചായത്തുകൾ അതിരിട്ടൊഴുകുന്ന ബാവലിപ്പുഴക്കരയിലൂടെ കിലോമീറ്റർ താണ്ടിയാണ് ആറളം പാലത്തിനടിയിലൂടെയാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. ആറളം ഫോറസ്റ്റർ കെ. ജിജിൽ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം പോലീസും സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. മേഖലയിലുള്ള ജനങ്ങൾക്ക് മൈക്കിലൂടെയും മറ്റും മുന്നറിയിപ്പുകളും നൽകി.
ഇതിനിടയിൽ ആനകൾ രണ്ടും ഉച്ചക്ക് 12 മണിയോടെ ചാക്കാട് കോളനിക്കു സമീപമെത്തി. തുടർന്ന് ബാവലിപ്പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിലും ആറളം പാലത്തിന് സമീപത്തെ പൊന്തക്കാടുകൾക്കിടയിലും ഏറെ നേരം നിലയുറപ്പിച്ചു. ആറളം പാലത്തിലും മറ്റും ആനകളെ കാണാൻ ജനക്കൂട്ടമെത്തിയത് ഇവയെ തുരത്തി വിടുന്നതിന് പ്രയാസം സൃഷ്ടിച്ചു. എല്ലാവരെയും പാലത്തിൽ നിന്നും മാറ്റാൻ പോലീസും വനം വകുപ്പധികൃതരും പാടുപെട്ടു. ആനകൾ പാലം കടന്നു പോകുന്നത് വരെ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതവും പോലീസ് തടഞ്ഞു. ഉച്ചക്ക് ഒരു മണിയോടെയാണ് ആനകളെ ഫാമിന്റെ അധീന മേഖലയിലേക്ക് കടത്തി വിടാൻ വനപാലകർക്കായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: