മയ്യിൽ അഥീന നാടക-നാട്ടറിവ് വീട് സംഘടിപ്പിക്കുന്ന സംസ്ഥാന തല അമച്വർ നാടകോത്സവത്തിന് തുടക്കമായി

‘വെളിച്ചെണ്ണ’യുടെ അവതരണത്തോടെ അഥീന നാടകോത്സവത്തിന് തുടക്കം

മയ്യിൽ അഥീന നാടക-നാട്ടറിവ് വീട് സംഘടിപ്പിക്കുന്ന സംസ്ഥാന തല അമച്വർ നാടകോത്സവം പ്രമുഖ നാടക പ്രവർത്തകയും സംസ്ഥാന നാടക അവാർഡ് ജേതാവുമായ അഡ്വ. എൻ.എസ്.താര ഉദ്ഘാടനം നിർവ്വഹിച്ചു.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് പി.ടി. മനോജ് അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനും കലാ സംവിധായകനുമായ ജയാനന്ദൻ മുറിയാത്തോട്, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും നടനുമായ നാദം മുരളി, സംഘാടക സമിതി കൺവീനർ വിനോദ് കണ്ടക്കൈ, ശിഖ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജയപ്രകാശ് കുളൂരിന്റെ വെളിച്ചെണ്ണയുമായി സുധി പാനൂര് അരങ്ങാളികൾക്ക് ഊർജ്ജമേകി കൊണ്ട് അഥീന നാടകോത്സവത്തിന്റെ പ്രഥമ നാടകം കളിച്ചു. പുലികേശി രണ്ടുമായി കാഞ്ഞങ്ങാട് തിയറ്റർ ഗ്രൂപ്പും അരങ്ങിലെത്തി.

നിറഞ്ഞ കയ്യടികളോടെ കാണികൾ നാടകത്തെ സ്വീകരിച്ചു. കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനു ശേഷം സംസ്ഥാനത്ത് ഇന്നാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന നാടകോത്സവത്തിന് തിരി തെളിഞ്ഞത്.

സംസ്ഥാനത്തെ പ്രശസ്തമായ സമിതികളുടെ 13 നാടകങ്ങളാണ് അഥീന നാടകോത്സവത്തിൽ അരങ്ങിലെത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് 100 പേർക്ക് നാടകം കാണാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ മോഹൻ കാരക്കീൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: