ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ് കണ്ണൂരിലും; ജ്വല്ലറി മാനേജർ നിക്ഷേപകരുടെ കോടികൾ തട്ടി മുങ്ങി

കണ്ണൂർ : ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ് കണ്ണൂരിലും. ജ്വല്ലറി മാനേജരായ ലീഗ് നേതാവാണ് നിക്ഷേപകരുടെ കോടികൾ തട്ടി മുങ്ങിയത്. നിക്ഷേപകരുടെ പരാതിയിൽ കെ പി നൗഷാദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിരവധി പേരിൽ നിന്നായി രണ്ട് കോടി രൂപയോളമാണ് കെ പി നൗഷാദ് തട്ടിയെടുത്തത്. കണ്ണൂർ ഫോർട്ട് റോഡിലെ സി കെ ഗോൾഡ് മാർക്കറ്റിങ്ങ് മാനേജരായിരുന്നു കെ പി നൗഷാദ്. കൂടുതൽ പലിശയും നിക്ഷേപിക്കുന്ന പണത്തിൽ ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്.

അമ്പതോളം പേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. പഴയ സ്വർണ്ണം നൽകുന്നവർക്ക് പണിക്കൂലി ഇല്ലാതെ 11 മാസത്തിന് ശേഷം പുതിയ സ്വർണ്ണം നൽകുന്ന പദ്ധതി സി കെ ഗോൾഡിൽ ഉണ്ടായിരുന്നു. ഈ പദ്ധതിയിലേക്ക് എന്ന് പറഞ്ഞ് പലരിൽ നിന്നായി സ്വർണ്ണവും സ്വീകരിച്ചിട്ടുണ്ട്.
കെ പി നൗഷാദ് ഇത്തരത്തിൽ കൈപ്പറ്റിയ സ്വർണം ജ്വല്ലറിയിൽ അടച്ചില്ലെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു. പല വിധത്തിൽ കെ പി നൗഷാദ് 30 ലക്ഷം രൂപ തട്ടിയെടുത്തതായി ജ്വല്ലറി ഉടമകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: